നീറ്റ് ചോര്‍ച്ചയ്ക്കു പിന്നില്‍ വൻ ഗൂഢാലോചന; സിബിഐ കുറ്റപത്രം കോടതി സ്വീകരിച്ചു

നീറ്റ് ചോദ്യച്ചോർച്ച കേസില്‍ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ സമർപ്പിച്ച കുറ്റപത്രം ഡല്‍ഹിയിലെ പ്രത്യേക കോടതി ഫയലില്‍ സ്വീകരിച്ചു.സ്പെഷല്‍ ജഡ്ജി അജയ് ഗുപ്തയാണ് 13 പ്രതികള്‍ക്കെതിരേയുള്ള അന്തിമ റിപ്പോർട്ട് പരിശോധിച്ചത്. കേസില്‍ പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തുന്നതിനായുള്ള വാദം കേള്‍ക്കല്‍ ഇന്ന് ആരംഭിക്കും.നീറ്റ് യുജി പരീക്ഷ ചോദ്യച്ചോർച്ചയ്ക്കു പിന്നില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് പടർന്നുപന്തലിച്ച വൻ ഗൂഢാലോചനയാണെന്നാണ് സിബിഐ കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്നത്.നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിയിലെ (എൻടിഎ) മൂന്ന് ഉദ്യോഗസ്ഥർ രഹസ്യസ്വഭാവമുള്ള ചോദ്യം ചോർത്തി ഇടനിലക്കാർക്ക് നല്‍കിയെന്നും ഇവർ സാമ്പത്തിക ലാഭത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികള്‍ക്ക് പരീക്ഷയ്ക്ക് മുമ്പ് ഇത് എത്തിച്ചു നല്‍കിയെന്നുമാണ് സിബിഐ സമർപ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്.അതേസമയം, കേസില്‍ ഉള്‍പെട്ട പ്രായപൂർത്തിയാകാത്തവർ ഉള്‍പ്പെടെയുള്ള സാക്ഷികളുടെ പേരുകള്‍ മാധ്യമവാർത്തകളില്‍ പ്രത്യക്ഷപ്പെടുന്ന കാര്യം സിബിഐ ഇന്നലെ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി.സാക്ഷികളുടെ പേരുകള്‍ വെളിപ്പെടുത്തുന്നതിലും കോടതി നടപടികളില്‍ ഇതുവരെ അവതരിപ്പിക്കാത്ത കുറ്റപത്രത്തിലെ ഭാഗങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നതിലും കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി.എൻടിഎയിലെ തന്നെ വിദഗ്ധർ, ഇടനിലക്കാർ, പരിശീലന കേന്ദ്രങ്ങളുമായി ബന്ധമുള്ളവർ എന്നിവരടക്കം അറസ്റ്റിലായ 13 പേരുടെ വിവരങ്ങള്‍ കുറ്റപത്രത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *