റോഡപകടത്തിൽ 75 ശതമാനത്തോളം ശാരീരിക വൈകല്യം; സെക്യൂരിറ്റി ജീവനക്കാരന് 56.87 ലക്ഷം രൂപ നഷ്‌ടപരിഹാരം അനുവദിച്ച് കോടതി

ന്യൂഡൽഹി:ഡൽഹിയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് സ്ഥിരമായി അംഗപരിമിതി സംഭവിച്ച 26 കാരനായ സെക്യൂരിറ്റി ജീവനക്കാരൻ ദിനേശ് കുമാറിന് 56.87 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് മോട്ടോർ ആക്‌സിഡൻ്റ് ക്ലെയിംസ് ട്രിബ്യൂണൽ (MACT). ബസ് ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്ന് വ്യക്തമാക്കിയാണ് പ്രിസൈഡിംഗ് ഓഫീസർ അഭിലാഷ് മൽഹോത്രയുടെ ഉത്തരവ്. ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാര തുക നൽകേണ്ടത്.2022 ഒക്ടോബർ 27-ന് രാത്രി ആർ കെ പുരത്ത് വച്ചായിരുന്നു അപകടം. ദിനേശ് കുമാർ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ റോഡിൽ നിർത്തിയിട്ടിരുന്ന ബസിൻ്റെ വാതിൽ ഡ്രൈവർ അശ്രദ്ധമായി തുറന്നതിനെ തുടർന്ന് ഇരയുടെ വാഹനം അതിൽ ഇടിക്കുകയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ കാര്യം ശ്രദ്ധിക്കാതെ ബസ് ഡോർ തുറന്ന ഡ്രൈവറുടെ നടപടിയാണ് അപകടത്തിന് കാരണമെന്ന് 58 പേജുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി.ദിനേശ് കുമാറിന് വാതിലിൽ ഇടിച്ചു ഗുരുതരമായി പരിക്കേറ്റുവെന്നും ഇത് ഇടതുകൈയ്ക്ക് 75 ശതമാനത്തോളം ശാരീരിക വൈകല്യമുണ്ടാക്കിയെന്നും ഹർജി പരിശോധിച്ച് വാദം പൂർത്തിയായതിനു ശേഷം കോടതി പറഞ്ഞു. ബസ് ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് ഓഗസ്റ്റ് 4 ന് ട്രൈബ്യൂണൽ വിധിച്ചു. “ബാറ്ററി കവറിൻ്റെ വാതിൽ/ഷട്ടർ തുറക്കുന്നതിന് മുമ്പ് എതിരെ വരുന്ന വാഹനങ്ങൾ പരിശോധിക്കാൻ ബസിൻ്റെ ഡ്രൈവർ ബാധ്യസ്ഥനാണ്. ഡ്രൈവർ ഇക്കാര്യത്തിൽ ഒരു മുൻകരുതലും പാലിച്ചില്ല, കൂടാതെ ഒരു മോട്ടോർ സൈക്കിൾ യാത്രികൻ സഞ്ചരിക്കുമ്പോൾ ബസ് പോലെയുള്ള വലിയ വാഹനങ്ങളുടെ ബാറ്ററി കവർ തുറക്കുന്നതിൻ്റെ ലക്ഷണങ്ങൾ ദൂരെ നിന്ന് വ്യക്തമാകില്ലെന്നും,’ ട്രിബ്യൂണൽ പറഞ്ഞുദിനേശ് കുമാറിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളിയ ട്രിബ്യൂണൽ, ഇടത് കൈക്ക് സ്വാധീനം നഷ്ടപ്പെട്ടതിനാൽ സ്വന്തമായി വസ്ത്രം ധരിക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് ഇദ്ദേഹമെന്നും ചൂണ്ടിക്കാണിച്ചു. ഇടത് കൈയനായ അദ്ദേഹം ജോലി ചെയ്യാൻ പോലും സാധിക്കാത്ത വിധം ബുദ്ധിമുട്ടിലാണെന്നും കോടതി വിലയിരുത്തി.ശാരീരിക പരിക്കുകൾക്ക് മാത്രമല്ല, പൂർണമായ ജീവിതം നയിക്കാനുള്ള അവസരം നഷ്ടപ്പെട്ടതിനും, സാധാരണ ജീവിതത്തിലെ സന്തോഷങ്ങളും ജോലിയും നഷ്ടപ്പെട്ടതിനും ഇരയ്ക്ക് നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്ന് ട്രിബ്യൂണൽ എടുത്തുപറഞ്ഞു. നഷ്ടപ്പെട്ട ആത്മവിശ്വാസവും ദുരിതങ്ങളും പൂർണമായി മാറ്റാൻ പണത്തിന് കഴിയില്ലെങ്കിലും, ഈ സഹായം അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ സഹായിക്കുമെന്ന് കോടതി പ്രത്യാശ പ്രകടിപ്പിച്ചു.ഒരു വ്യക്തിക്ക് ശാരീരിക പരിക്കിന് മാത്രമല്ല, അത്തരം പരിക്കിൻ്റെ ഫലമായി അയാൾക്ക് ഉണ്ടായ നഷ്‌ടത്തിനും ഉത്തരവാദികളായവർ നഷ്‌ട പരിഹാരം നൽകണം. ചികിത്സാ ചെലവുകൾ, ഫിസിയോതെറാപ്പി, വേദനയും യാതനയും, ഭാവിയിലെ വരുമാന നഷ്ടം, വിവാഹ സാധ്യതകളുടെ നഷ്ടം തുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് 56.87 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *