മുംബൈ: മുംബൈയിലെ വെള്ളപ്പൊക്കത്തിന് ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷനെ (ബിഎംസി) മാത്രം കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി. കൈയേറ്റങ്ങളും, അടഞ്ഞുപോയ ഓടകളും, പൊതു അടിസ്ഥാന സൗകര്യങ്ങളുടെ ദുരുപയോഗവുമാണ് ഇതിന് കാരണമെന്നും ഇതെല്ലാം നമ്മുടെ സ്വന്തം സൃഷ്ടിയാണെന്നും കോടതി പറഞ്ഞു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് രവീന്ദ്ര വി. ഘൂഗെ, ജസ്റ്റിസ് ഗൗതം അങ്കാദ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. സയൺ-ട്രോംബെ പാതയിലെ മണ്ഡല ഗ്രാമത്തിൽ റോഡ് വീതികൂട്ടാനായി ഭൂമി ആവശ്യപ്പെട്ട് ബി.എം.സി നൽകിയ ഹർജിയിൽ കേന്ദ്ര ആണവോർജ്ജ വകുപ്പിന് (ഡിഎഇ) കോടതി നോട്ടീസ് അയച്ചു. തങ്ങളുടെ ഭാഗത്തുള്ള കൈയേറ്റങ്ങൾ നീക്കം ചെയ്തതായും ബാക്കി ഭൂമി ആണവോർജ്ജ വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും കോർപ്പറേഷൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്.മുംബൈയിലെ റോഡുകളിൽ വെള്ളപ്പൊക്കം കാണാൻ വിധിക്കപ്പെട്ടവരാണ് നമ്മളെന്നും നമുക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഘൂഗെ പറഞ്ഞു. സ്വന്തം ജന്മനാടിനെ കൊള്ളയടിക്കുക എന്നത് നമ്മുടെ ശീലമാണ്. ഭൂമി കയ്യേറുന്നതിൽ നമ്മൾ മിടുക്കരാണെന്നും ജസ്റ്റിസ് ഘൂഗെ അഭിപ്രായപ്പെട്ടു. എല്ലാ മാലിന്യങ്ങളും സാധനങ്ങളും ഓടയിലേയ്ക്ക് തള്ളുന്നതോടെ ഓടകൾ അടയുമെന്ന് ഘൂഗെ പറഞ്ഞു. ജനപ്രതിനിധികൾ നടപ്പാതകൾ ഉദ്ഘാടനം ചെയ്യുന്നു, പിന്നീട് അവ പാർക്കിംഗ് സ്ഥലങ്ങളായി മാറുന്നു. ചെറിയൊരു മഴ പെയ്താൽ പോലും മുംബൈയിലെ റോഡുകൾ തടസ്സപ്പെടും. ഇത് നമ്മുടെ സ്വന്തം സൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.”നമ്മൾ കോർപ്പറേഷനെ കുറ്റപ്പെടുത്തുന്നത് നിർത്തണം. കോർപ്പറേഷൻ നമുക്ക് ഡ്രെയിനേജ് ലൈനുകൾ തന്നു. നമ്മൾ അവയുടെ പ്രവർത്തനം തടസപ്പെടുത്തി. അവർ പേവ്മെന്റ് ബ്ലോക്കുകൾ സ്ഥാപിച്ചു. നമ്മൾ അതിൽ കാറുകൾ പാർക്ക് ചെയ്യാൻ തുടങ്ങി. കോർപ്പറേഷൻ നമുക്ക് ഫുട്പാത്തുകൾ നൽകി. നമ്മൾ അവിടെ പാവ് ഭാജി, പാവ് മസാല തുടങ്ങിയ സ്റ്റാളുകൾ തുടങ്ങി.” ജസ്റ്റിസ് ഘൂഗെ പറഞ്ഞു. ബോംബെ ഹൈക്കോടതിയുടെ കിഴക്കുഭാഗത്തുള്ള ഫുട്പാത്തുകൾ പോലും ഫോട്ടോക്കോപ്പി കടക്കാരും ചായക്കടക്കാരും ഓറഞ്ച് ജ്യൂസ് കച്ചവടക്കാരും കൈയേറിയിരിക്കുകയാണെന്ന് ഘൂഗെ ചൂണ്ടിക്കാട്ടി. പൊളിച്ചുമാറ്റൽ നോട്ടീസ് ലഭിച്ചതിന് ശേഷം മാത്രം നിയമത്തെക്കുറിച്ച് സംസാരിക്കുന്നവർക്കെതിരെയും ജസ്റ്റിസ് ഘൂഗെ അതൃപ്തി പ്രകടിപ്പിച്ചു.കോർപ്പറേഷൻ പൊളിക്കാൻ വരുമ്പോൾ ഏഴ് ദിവസത്തെ നോട്ടീസ് ആവശ്യപ്പെടുന്നവർ പെട്ടെന്ന് നിയമപുസ്തകങ്ങൾ തുറക്കുമെന്നും എന്നാൽ ഭൂമി കൈയേറുമ്പോൾ ആരും നിയമം വായിക്കാറില്ലെന്നും ഘൂഗെ വിമർശിച്ചു.
വെള്ളപ്പൊക്കം നമ്മുടെ സ്വന്തം സൃഷ്ടി’, കോടതി പരിസരത്ത് വരെ കയ്യേറ്റം; വിമർശനവുമായി ബോംബേ ഹൈക്കോടതി
