വയോധികന്റെ മരണത്തില്‍ ദുരൂഹതയെന്ന് പരാതി. ആരോപണത്തിൻ്റെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂർ സ്വദേശി പുലിയൂർ വാർഡ് ഒന്നില്‍ പടിഞ്ഞാറേ പറമ്പില്‍ പുത്തൻ വീട്ടില്‍ യേശുദാസിന്റെ (74) മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി പുറത്തെടുക്കും.ചെങ്ങന്നൂർ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയാണ് മൃതദേഹം പുറത്തെടുക്കാൻ ഉത്തരവിട്ടത്. കഴിഞ്ഞ മാർച്ച് 20-നാണ് യേശുദാസ് അന്തരിച്ചത്.മാർച്ച് 24 ന് പുലിയൂർ സെന്റ് മേരീസ് ആൻഡ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിലാണ് യേശുദാസിൻ്റെ മൃതദേഹം സംസ്കരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് മരുമകള്‍ ലീന ബിൻസ് നല്കിയ പരാതിയെത്തുടർന്നാണ് ഇപ്പോള്‍ കോടതിയുടെ നടപടി. യേശുദാസിന്റെ പേരിലുണ്ടായിരുന്ന വലിയ തുകയുടെ ബാങ്ക് ബാലൻസും വസ്തുവകകളും സഹോദരനായ ഗബ്രിയേലിന്റെ പേരിലേക്ക് മാറ്റിയതായും, ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. യേശുദാസിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നുവെന്നും എന്നിട്ടും പോസ്റ്റ്മോർട്ടം നടപടികള്‍ കൂടാതെയാണ് സംസ്കാരം നടന്നതെന്നും പോലീസ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. അയല്‍വാസികളും യേശുദാസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.ഇതേത്തുടർന്ന് ഏപ്രില്‍ 1-ന് ചെങ്ങന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മരണകാരണം വ്യക്തമാക്കുന്നതിന് മൃതദേഹം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഷാജു എം. എസ് ഉത്തരവില്‍ വ്യക്തമാക്കി. ഏപ്രില്‍ 21-ന് (ചൊവ്വാഴ്ച) രാവിലെ 10:30-ന് പുലിയൂർ പള്ളി സെമിത്തേരിയില്‍ നിന്ന് മൃതദേഹം പുറത്തെടുക്കും. ചെങ്ങന്നൂർ തഹസില്‍ദാരുടെയും (എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്), രണ്ട് പോലീസ് സർജന്മാരുടെയും സാന്നിധ്യത്തിലായിരിക്കണം നടപടികള്‍ പൂർത്തിയാക്കേണ്ടതെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹം പുറത്തെടുക്കുന്ന നടപടികള്‍ പൂർണ്ണമായും വീഡിയോയില്‍ ചിത്രീകരിക്കണം. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് ഒരുക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
മരിച്ച വയോധികൻ്റെ സ്വത്തെല്ലാം സഹോദരൻ്റെ പേരില്‍; പോസ്റ്റ്മോര്‍ട്ടം നടത്താതെ സംസ്കരിച്ച മൃതദേഹം പുറത്തെടുക്കാൻ ഉത്തരവ്
