എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 56കാരന് 42 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി.കോഴിക്കോട് കൂത്താളിയിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ ജില്ലാകൃഷി ഫാമിലെ ജീവനക്കാരനായ പെരുവണ്ണാമൂഴി കല്ലിപ്പറമ്പില്‍ ചന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്.2024 ജനുവരിയില്‍, തന്റെ പേരക്കുട്ടികള്‍ക്കൊപ്പം കളിക്കാൻ വരാറുണ്ടായിരുന്ന മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പല ദിവസങ്ങളിലായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കുട്ടി സ്കൂള്‍ ഹെഡ്മാസ്റ്ററോട് വിവരം അറിയിച്ചതിനെ തുടർന്ന് സ്കൂള്‍ അധികൃതർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.പെരുവണ്ണാമൂഴി എസ്.ഐ ജിതിൻ വാസ് രജിസ്റ്റർ ചെയ്ത കേസില്‍ ഇൻസ്പെക്ടർ പി. അരുണ്‍ ദാസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷൻ 18 സാക്ഷികളെയും 26 രേഖകളും കോടതിയില്‍ ഹാജരാക്കി. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
കൊച്ചുമക്കള്‍ക്കൊപ്പം കളിക്കാൻ വീട്ടിലെത്തിയിരുന്ന മൂന്നാംക്ലാസുകാരിയെ മുത്തച്ഛൻ പലതവണ പീഡിപ്പിച്ചു; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ 56കാരന് 42 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി
