‘ആയിരക്കണക്കിന് സർവേ തൂണുകൾക്ക് മതസ്വഭാവം കൈവരും, വിധി പിൻവലിക്കണം’; തമിഴ്‌നാട് സർക്കാർ സുപ്രിംകോടതിയിൽ

ന്യൂഡൽഹി: തിരുപ്പറകുൺറം മലയിലെ ദർഗക്ക് സമീപമുള്ള കൽത്തൂണിൽ പരമ്പരാഗത കാർത്തിക ദീപം തെളിക്കാൻ അനുവദിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. ഈ വിധി നടപ്പിലാക്കിയാൽ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് സർവേ തൂണുകൾക്ക് മതപരമായ സ്വഭാവം കൈവരാൻ കാരണമായേക്കുമെന്ന് സർക്കാർ കോടതിയിൽ ആശങ്ക പ്രകടിപ്പിച്ചു. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് മധുര ജില്ലാ കലക്ടർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ഇക്കാര്യം അറിയിച്ചത്.

ഹൈക്കോടതി വിധി അതേപടി നിലനിന്നാൽ തൂണുകൾക്ക് മതപരമായ നിറം കൈവരികയും ആളുകൾ ഇത്തരം കാര്യങ്ങൾ ആവർത്തിക്കുകയും ചെയ്യുമെന്നും, രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് സർവേ തൂണുകൾ മതപരമാകുമെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. അതേസമയം, ഹൈക്കോടതി ചട്ടങ്ങൾ പ്രകാരം മറുപടി സമർപ്പിക്കാൻ മതിയായ സമയം നൽകാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സിക്കന്ദർ ബാദുഷ ഔലിയ ദർഗ കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹ്മദി വാദിച്ചു.ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ദർഗ അധികൃതരെ അറിയിക്കാതെ ഹൈക്കോടതി സിംഗിൾ ജഡ്ജി സ്ഥലം സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിലെ വാദം വ്യാഴാഴ്ചയും തുടരും. പതിറ്റാണ്ടുകളായി കുന്നിന്റെ താഴ്ഭാഗത്തുള്ള ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപത്തെ ദീപ മണ്ഡപത്തിലാണ് ദീപം തെളിച്ചുപോന്നത്. എന്നാൽ ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷ ഔലിയ ദർഗയിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെ കുന്നിൻ മുകളിലുള്ള ‘ദീപത്തൂൺ’ എന്നറിയപ്പെടുന്ന സ്ഥലത്ത് ദീപം തെളിക്കാൻ അനുവദിക്കണമെന്നായിരുന്നു ഹിന്ദു സംഘടനകളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *