കേരള രാഷ്ട്രീയത്തില്‍ ഏറെ ചർച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച അരിയില്‍ ഷുക്കൂർ വധക്കേസില്‍ 18 പ്രതികള്‍ക്ക് ആശ്വാസം.കേസില്‍ സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി രാജേഷ് എന്നിവരെ കോടതി വെറുതെ വിട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനും കുറ്റവിമുക്തി ലഭിച്ചു. ഗണേശൻ, ഉമേശൻ, നിതിൻ നാരായണൻ, സുധാകൻ, അജയകുമാർ എന്നിവരെയും കോടതി വെറുതെ വിട്ടു.എംഎസ്എഫ് നേതാവും യൂത്ത് ലീഗ് പ്രവർത്തകനുമായിരുന്ന അരിയില്‍ അബ്ദുല്‍ ഷുക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷും ഉള്‍പ്പെടെ 33 പേരായിരുന്നു കേസിലെ പ്രതികള്‍. രണ്ടുപേർ മരിച്ചതോടെ 31 പേരാണ് വിചാരണ നേരിട്ടത്.2012 ഫെബ്രുവരി 20നാണ് കണ്ണൂർ കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിന് സമീപം ഷുക്കൂർ കൊല്ലപ്പെട്ടത്. അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും അന്നത്തെ കല്യാശ്ശേരി എംഎല്‍എ ടി.വി. രാജേഷും സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.ലോക്കല്‍ പൊലീസിന്റെ ആദ്യ അന്വേഷണവും പിന്നീട് ക്രൈംബ്രാഞ്ച്, സിബിഐ അന്വേഷണങ്ങളും വലിയ രാഷ്ട്രീയ ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ജയരാജനും രാജേഷിനുമെതിരെ ഗൂഢാലോചനാ ആരോപണങ്ങള്‍ ഉയർന്നതും കേസിനെ രാഷ്ട്രീയമായി ശ്രദ്ധേയമാക്കി. 17 മാസം നീണ്ട വിചാരണയ്ക്കിടെ 41 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. സിബിഐ കുറ്റപത്രത്തില്‍ 81 സാക്ഷികളും 238 രേഖകളും 21 തൊണ്ടിമുതലുകളുമുണ്ടായിരുന്നു.
അരിയില്‍ ഷുക്കൂര്‍ വധക്കേസ്; പി.ജയരാജനെയും ടി.വി രാജേഷിനെയും വെറുതെവിട്ടു
