കാലടി സര്‍വകലാശാലാ പരീക്ഷാ വിവാദം: സര്‍വകലാശാലയുടെ ഹാജര്‍ വാദം തള്ളി വിദ്യാര്‍ത്ഥികള്‍; ഭേദഗതി ചെയ്ത സത്യവാങ്മൂലം ഹൈക്കോടതിയില്‍

കാലടി സർവകലാശാലയിലെ പരീക്ഷാ വിവാദത്തില്‍ തങ്ങള്‍ക്ക് ആവശ്യത്തിന് ഹാജരില്ലെന്ന സർവകലാശാലയുടെ വാദം തള്ളി വിദ്യാർത്ഥികള്‍ രംഗത്ത്.അച്ചടക്കനടപടിയുടെ ഭാഗമായി നടപ്പാക്കിയ സസ്പെൻഷനാണ് ഹാജർ നില കുറയാൻ കാരണമായതെന്ന് വിദ്യാർത്ഥികള്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.സസ്പെൻഷന് മുൻപ് പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികള്‍ക്കെല്ലാം 60 ശതമാനത്തോളം ഹാജരുണ്ടായിരുന്നു. ബാക്കി 15 ശതമാനം മാപ്പപേക്ഷ നല്‍കിയാല്‍ അനുവദിച്ചു കിട്ടുമായിരുന്നുവെങ്കിലും ക്യാമ്പസില്‍ പ്രവേശിക്കുന്നതില്‍ നിന്നുള്ള വിലക്ക് കാരണം അപേക്ഷ സമർപ്പിക്കാൻ സാധിച്ചില്ലെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.നിലവിലെ റിട്ട് ഹർജിയിലാണ് പുതിയ ഭേദഗതികള്‍ ഉള്‍പ്പെടുത്തി വിദ്യാർത്ഥികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് മുന്നില്‍ സത്യവാങ്മൂലം നല്‍കിയത്. നാടകം അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കേസിന് ആധാരമെന്നും ഒരേ വിഷയത്തില്‍ സർവകലാശാല മനപ്പൂർവ്വം രണ്ട് കേസുകള്‍ എടുത്തത് പ്രതികാര നടപടിയാണെന്നും വിദ്യാർത്ഥികള്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *