അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണവും ഫൊറന്‍സിക് ഓഡിറ്റും ആവശ്യപ്പെട്ട് ആര്‍ജെഡി എംപി സുധാകര്‍ സിങ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്.എന്നാല്‍ സംഭാവനാ തട്ടിപ്പ് കേസ് രാഷ്ട്രീയവല്‍കരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകും.കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ എസ്‌ഐടി പുനസംഘടിപ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സ്വദേശി ഐജി എസ് കിരണിന്റെ നേതൃത്വത്തില്‍ ഡിഐജി സോമന്‍ വര്‍മ്മ, എസ്പി ഡോ. ഗൗരവ് ഗ്രോവര്‍ എന്നിവരടങ്ങുന്ന പുതിയ എസ്‌ഐടിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വഴിപാട് തുക എണ്ണുന്നതില്‍ അടക്കം പങ്കാളികളായ എട്ട് പേരുടെ അറസ്റ്റും പ്രതികളുടെ സാമ്പത്തിക, ഭൂമി ഇടപാടുകളിലെ വിശദാംശങ്ങളും അന്വേഷണ പുരോഗതിയും സംഘം ഇന്ന് കോടതിയെ അറിയിക്കും.ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ വഴിപാട് തുക വകമാറ്റി ചെലവഴിച്ചെന്ന ആരോപണത്തില്‍ സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിച്ച് മുന്‍ എസ്‌ഐടി വ്യാപക അന്വേഷണം നടത്തിയിരുന്നു. ക്ഷേത്ര ജീവനക്കാരെ ചോദ്യം ചെയ്ത സംഘം ക്രമക്കേടുകള്‍ സ്ഥിരീകരിക്കുന്ന പ്രാഥമിക റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. മോഷണക്കേസുകളിലെ സാങ്കേതിക പരിശോധനകളില്‍ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ച പുതിയ അന്വേഷണ സംഘം നിലവില്‍ തുടര്‍നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
