മരുമകള്‍ക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല; ജീവനാംശ ഹര്‍ജി തള്ളി ഹൈക്കോടതി

മരുമകളില്‍ നിന്നും പേരക്കുട്ടിയില്‍ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള പെൻഷൻകാരി നല്‍കിയ ഹർജി ഹൈക്കോടതി തള്ളി.നിയമപരമായി മരുമകള്‍ക്ക് മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ലെന്നും പേരക്കുട്ടിയെ അത്തരമൊരു ഉത്തരവാദിത്തത്തിലേക്ക് നിർബന്ധിക്കാനാകില്ലെന്നും ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ വ്യക്തമാക്കി.മുത്തശ്ശിയെ സംരക്ഷിക്കണമെന്ന പേരക്കുട്ടിയോടുള്ള ആവശ്യം യുക്തിസഹമല്ലെന്നും കോടതി നിരീക്ഷിച്ചു. കൊച്ചി സ്വദേശിനിയായ ഫിഷറീസ് വകുപ്പ് മുൻ ഉദ്യോഗസ്ഥയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സർവീസിലിരിക്കെ മരിച്ച മകന്റെ പെൻഷൻ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന മരുമകളും 22 വയസ്സുള്ള പേരക്കുട്ടിയും തനിക്ക് ജീവനാംശം നല്‍കണമെന്നായിരുന്നു അവരുടെ ആവശ്യം.എന്നാല്‍ ഫിഷറീസ് വകുപ്പില്‍ നിന്നുള്ള സ്വന്തം പെൻഷനും ഭർത്താവിന്റെ പെൻഷനും ഹർജിക്കാരിക്ക് ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച്‌ മെയിന്റനൻസ് ട്രിബ്യൂണല്‍ ആവശ്യം നിരസിച്ചിരുന്നു. തുടർന്ന് കളക്ടർക്ക് നല്‍കിയ അപ്പീലും തള്ളിയതോടെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. കുടുംബബന്ധങ്ങളുടെ പേരില്‍ മാത്രം മരുമകള്‍ക്കും പേരക്കുട്ടിക്കും നിയമപരമായ ബാധ്യത ചുമത്താനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *