വിവാഹമോചനക്കേസില്‍ ഭാര്യയ്ക്ക് ജീവനാംശം നല്‍കണമോ എന്ന തർക്കം സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ ജഡ്ജിമാർക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ മറ്റൊരു നിയമനടപടിക്ക് വഴിതുറക്കുന്നു.മലപ്പുറം സ്വദേശി ഇ പി ജയപ്രകാശിനെതിരെയാണ് കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയത്. നവംബറില്‍ ഇയാളോട് നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജുഡീഷ്യറിക്കെതിരേയും ജഡ്ജിമാർക്കെതിരേയും ഇയാള്‍ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.മലപ്പുറം സ്വദേശിയായ ജയപ്രകാശും പത്തനംതിട്ട സ്വദേശിനിയും തമ്മിലുള്ള വിവാഹമോചനക്കേസിലെ നടപടിയാണ് സുപ്രീംകോടതിയില്‍ എത്തിയത്. ഭാര്യയ്ക്ക് ജോലി ഉണ്ടായിട്ടും ഭർത്താവില്‍നിന്ന് ജീവനാംശം ആവശ്യപ്പെടാനാകുമോ എന്നതായിരുന്നു സുപ്രീംകോടതിയിലെ ഹർജിയിലെ ചോദ്യം. കേസ് നടക്കുന്ന തിരുവല്ലയിലെ കുടുംബക്കോടതി ഇതിന് കഴിയില്ലെന്ന് വ്യക്തമാക്കി. എന്നാല്‍, ഹൈക്കോടതി ജയപ്രകാശിന്റെ ഭാര്യയ്ക്ക് താല്‍കാലിക ജോലിയാണെന്ന് വ്യക്തമാക്കി ജീവനാംശത്തിന് അർഹതയുണ്ടെന്ന് ഉത്തരവിട്ടു. തുക തീരുമാനിക്കാൻ കുടുംബക്കോടതിക്ക് നിർദേശവും നല്‍കി. ഇതിനെതിരെയാണ് അപ്പീല്‍ സുപ്രീംകോടതിയില്‍ എത്തിയത്.
ജോലിയുള്ള ഭാര്യയ്ക്ക് ജീവനാംശം നല്‍കണോ? മലയാളി ദമ്പതിമാരുടെ തര്‍ക്കം സുപ്രീംകോടതിയില്‍; ഫെയ്സ്ബുക്ക് പോസ്റ്റുകളില്‍ ഭര്‍ത്താവിനെതിരേ കോടതിയലക്ഷ്യനടപടി
എന്നാല്‍, കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്കിടെ ഹർജിക്കാരനായ ജയപ്രകാശ് നിരന്തരം ഫെയ്സ്ബുക്കിലൂടെ ജഡ്ജിമാർക്കും ജൂഡീഷ്യറിക്കെതിരെയും അപവാദ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് ഭാര്യ കോടതിയില്‍ നല്‍കിയ മറുപടിയില്‍ അറിയിച്ചു. ഒപ്പം 2023ല്‍ വിധി പറയാൻ വൈകിയെന്ന് കാട്ടി തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ വാഹനം തല്ലിതകർത്ത കേസില്‍ പ്രതിയാണെന്നും കോടതിയെ അറിയിച്ചു. ഫെയ്സ്ബുക്കിലെ പോസ്റ്റുകള്‍ പരിശോധിച്ച ജഡ്ജിമാരായ എ അമാനുള്ള, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് പരിധി വിട്ടുള്ള പ്രതികരണമാണ് ഹർജിക്കാരൻ നടത്തുന്നത് എന്ന് നീരീക്ഷിച്ചു. ഹൈക്കോടതി ജഡ്ജിക്കെതിരെയടക്കം മോശമായ പ്രയോഗം നടത്തിയതിനെയും കടുത്തഭാഷയില്‍ വിമർശിച്ചു. തുടർന്നാണ് ഈ പോസ്റ്റുകളുടെ അടിസ്ഥാനത്തില്‍ ജയപ്രകാശിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങുകയാണെന്ന് കോടതി വ്യക്തമാക്കിയത്. കൂടാതെ നവംബറില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു. ഒപ്പം ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
