ഇ.ഡി പരിധി വിടരുത്: സുപ്രീം കോടതി

ന്യൂഡൽഹി ∙ നിയമം അനുവദിക്കുന്ന പരിധിക്കപ്പുറം ഇ.ഡിയുടെ കൈകടത്തൽ വേണ്ടെന്നു സുപ്രീം കോടതിയുടെ താക്കീത്. പിണറായി വിജയനും കുടുംബാംഗങ്ങളും ഉൾപ്പെട്ട സിഎംആർഎൽ–എക്സാലോജിക് കേസ് പരിഗണിക്കവേയാണ് മറ്റ് അന്വേഷണ ഏജൻസികളുടെ അധികാരപരിധിയിലെ ഇ.ഡിയുടെ ഇടപെടലിനെ കോടതി വിമർശിച്ചത്.ഇ.ഡിയിൽനിന്നു വിവരം ലഭിച്ചാൽ എഫ്‌ഐആർ നിർബന്ധമാണോയെന്നു നിയമപ്രകാരം പരിശോധിച്ചു തീരുമാനിക്കേണ്ടത് അതത് ഏജൻസിയാണെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ദസറ അവധിക്കായി കോടതി അടച്ചിരിക്കെയാണു പ്രത്യേക ബെഞ്ച് ചേർന്ന് പിണറായിയും മറ്റുള്ളവരും നൽകിയ അപ്പീൽ പരിഗണിച്ചത്.പിഎംഎൽഎയിലെ 66(2) വകുപ്പു പ്രകാരം ഇ.ഡി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് നിർബന്ധമായും എഫ്‌ഐആർ റജിസ്റ്റർ ചെയ്യണോ അതോ വിവരങ്ങൾ പരിശോധിച്ചു പ്രാഥമിക അന്വേഷണം വേണമോയെന്നു തീരുമാനിക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടോ എന്നതാണു കോടതി പരിശോധിക്കുന്നത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിലെ വൈരുധ്യം ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ഇന്നലെ സൂചിപ്പിച്ചു. പൊതുസേവകർക്കെതിരായ അഴിമതി അന്വേഷിക്കാൻ അഴിമതി നിരോധന നിയമത്തിലെ മുൻകൂർ അനുമതി (17എ) വ്യവസ്ഥ പാലിക്കാതെ എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യവും ഉന്നയിച്ചു.

ഇതിനു പുറമേ, പൊതുസേവകർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം നടത്താൻ മജിസ്ട്രേട്ട് എഫ്‌ഐആർ റജിസ്റ്റർ ചെയ്യാൻ ഉത്തരവിടും മുൻപ് പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച ബിഎൻഎസ്എസിലെ വ്യവസ്ഥയും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *