ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ കെപിസിസിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ വന്ന വിവാദ പോസ്റ്റിൽ ഭാരവാഹികൾക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ച് സുപ്രീം കോടതി. കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭാരവാഹികൾക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അഡ്വ. വിനീത് ജിൻഡാൽ നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് നടപടി.
ഭരണഘടനയാണ് പരമോന്നതമെന്നും ഒരു വ്യക്തിയോ രാഷ്ട്രീയ സംഘടനയോ അതിനു അതീതരല്ലെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ സൗകര്യമനുസരിച്ച് നിർവചിക്കപ്പെടേണ്ടlല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യമെന്നും കോടതി ഓർമ്മിപ്പിച്ചു. വിധിന്യായങ്ങളെ വിമർശിക്കാമെങ്കിലും ഭീഷണിപ്പെടുത്താനോ നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനങ്ങളിൽ ഇടപെടാനോ ഉള്ള മറയായി ആവിഷ്കാര സ്വാതന്ത്ര്യത്തെ കാണാൻ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. കോടതിയുടെ അധികാരം രാഷ്ട്രീയ അംഗീകാരത്തെ ആശ്രയിച്ചല്ല, മറിച്ച് ഭരണഘടനയെയും നിയമവ്യവസ്ഥയും അടിസ്ഥാനമാക്കിയിട്ടുള്ളത്. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ഏത് ശ്രമവും ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടേണ്ടിവരുമെന്ന് കോടതി താക്കീത് നൽകി.ഒക്ടോബർ 12-നാണ് വിവാദമായ പോസ്റ്റ് എക്സ് (പഴയ ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ടത്. വ്യാപകമായ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് പോസ്റ്റ് നീക്കം ചെയ്യുകയും കെപിസിസി നേതൃത്വം നിരുപാധികം മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു. സംഘടനാ നേതൃത്വത്തിൻറെ അറിവോ അനുവാദമോ ഇല്ലാതെ പാർട്ടി പ്രവർത്തകനാണ് പോസ്റ്റ് അപ്ലോഡ് ചെയ്തതെന്നും, ഉത്തരവാദിയായ ആൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമാണ് കെപിസിസി. വ്യക്തമാക്കിയത്. എന്നാൽ വിഷയം ഗൗരവമായി കാണുന്നതായി വ്യക്തമാക്കിയ കോടതി, മുതിർന്ന അഭിഭാഷകരായ അരവിന്ദ് ദാതാർ, സിദ്ധാർത്ഥ് അഗർവാൾ എന്നിവരെ അമിക്കസ് ക്യൂറിയായി നിയമിക്കാനും തീരുമാനിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
