കൊച്ചി: ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾക്കു നേതൃത്വംനൽകാൻ തന്ത്രിമാർക്ക് അധികാരമുണ്ടെങ്കിലും ദേവന്റെ സ്വത്തിൽ ഉടമസ്ഥാവകാശം അവകാശപ്പെടാനാവില്ലെന്ന് ഹൈക്കോടതി. ക്ഷേത്രക്കൊടിമരം മാറ്റുമ്പോഴുള്ള പഴയ വാഹനരൂപവും മറ്റു ലോഹവസ്തുക്കളും ദേവസ്വം ബോർഡിന്റെ സ്വത്താണെന്നും അവയിൽ തന്ത്രിമാർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 2012-ലെ സർക്കുലർ ചോദ്യംചെയ്ത് അഖില തന്ത്രി പ്രചാരകസഭയുടെ ചെയർമാനും വൈസ് ചെയർമാനുമായ എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി, എൻ. വിഷ്ണുനമ്പൂതിരി എന്നിവർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കൊടിമരം മാറ്റുമ്പോൾ പഴയതിലുള്ള വാഹനരൂപം തന്ത്രിക്കു ദാനമായി നൽകണമെന്ന ആചാരാവകാശം അംഗീകരിക്കണമെന്നും ദേവസ്വം ബോർഡിനിതു മാറ്റാനാവില്ലെന്നുമായിരുന്നു വാദം.ക്ഷേത്രത്തിലെ പഴകിയ ലോഹവസ്തുക്കളുംമറ്റും മാറ്റിസ്ഥാപിച്ചാലും അവ ദേവസ്വം സ്വത്തായി നിലനിർത്തണമെന്ന 2012 സെപ്റ്റംബർ 17-ലെ ദേവസ്വം ബോർഡ് സർക്കുലറിലെ വ്യവസ്ഥ നിയമവിരുദ്ധമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.ദേവന് അവകാശപ്പെട്ട സ്വത്തുക്കളും വിലപിടിപ്പുള്ള വസ്തുക്കളും കണക്കിൽപ്പെടുത്തുകയും ദേവസ്വം സ്വത്തെന്നനിലയിൽ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യണമെന്ന് ഹർജി തള്ളിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി
ദേവന്റെ സ്വത്തിൽ തന്ത്രിക്ക് ഉടമസ്ഥാവകാശമില്ലെന്ന് ഹൈക്കോടതി
