വന്ദേമാതരം ആറ് ചരണങ്ങളും പാടണമെന്ന ഉത്തരവ്: കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു

ന്യൂഡൽഹി: ഔദ്യോഗിക സർക്കാർ ചടങ്ങുകളിൽ ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിന്റെ ആറ് ചരണങ്ങളും പൂർണമായി ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുകൾ ചോദ്യം ചെയ്തുള്ള ഹരജികളിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജികൾ പരിഗണിച്ച് കേന്ദ്രത്തിന്റെ വിശദീകരണം തേടിയത്.2026 ജനുവരി 28, ജൂലൈ 9 തീയതികളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിവാദ ഉത്തരവുകളെയാണ് ഹർജിക്കാർ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നത്. നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബുദ്ധമത-പൗരാവകാശ പ്രവർത്തകൻ ബി.ഡി. ബോർക്കർ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭ സമിതി ചെയർമാനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ബാലകൃഷ്ണൻ സത്യഭാമ മാവോജി എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

കഴിഞ്ഞ 79 വർഷമായി ഒരു മതദേവതയെയും പരാമർശിക്കാത്ത, ആദ്യ രണ്ട് ചരണങ്ങൾ മാത്രമുള്ള ‘വന്ദേമാതരം’ ആലപിക്കുന്ന കീഴ്‌വഴക്കത്തെ കേന്ദ്ര സർക്കാർ ഏകപക്ഷീയമായി റദ്ദാക്കിയെന്ന് ബി.ഡി. ബോർക്കർ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ബങ്കിം ചന്ദ്ര ചാറ്റർജി 1870-കളുടെ തുടക്കത്തിൽ എഴുതിയ ആദ്യ രണ്ട് ചരണങ്ങൾ അദ്ദേഹത്തിന്റെ ‘ആനന്ദമഠം’ എന്ന നോവലിനും മുൻപുള്ളതാണ്. അത് മാതൃഭൂമിയുടെ പ്രകൃതിഭംഗിയെ വാഴ്ത്തുന്നതും ഒരു മതവുമായോ ദേവതയുമായോ ബന്ധമില്ലാത്തതുമാണ്. എന്നാൽ, ആനന്ദമഠം നോവലിൽ ഉൾപ്പെടുത്തിയ മൂന്ന് മുതൽ ആറ് വരെയുള്ള ചരണങ്ങൾ ഗാനത്തെ ദുർഗ, ലക്ഷ്മി, സരസ്വതി എന്നീ ഹൈന്ദവ ദേവതകളോടുള്ള പ്രാർത്ഥനയാക്കി മാറ്റുന്നു. മാത്രമല്ല, നോവലിൽ ശത്രുക്കളായി ചിത്രീകരിക്കപ്പെടുന്ന മുസ്‌ലിംകൾക്കെതിരെ യുദ്ധം ചെയ്യാനുള്ള ആഹ്വാനവും ഇതിലുണ്ട്. ഇത് പൂർണമായി പാടാൻ പൗരന്മാരെ നിർബന്ധിക്കുന്നത് ദേശീയ സാഹോദര്യത്തെ തകർക്കുമെന്നും സാമുദായിക ഭിന്നത വളർത്തുമെന്നും ബോർക്കർ വാദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *