തിരുപ്രംകുണ്‌ട്രം കാർത്തിക ദീപവിവാദം: വിജയ് സർക്കാർ സുപ്രീം കോടതിയിലേക്ക്

ചെന്നൈ: തിരുപ്രംകുണ്‌ട്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സിക്കന്ദർ ബാദുഷ ദർഗയ്ക്ക് സമീപമുള്ള ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ പരമോന്നത കോടതിയിൽ അപ്പീൽ നൽകിയത്.തദ്ദേശീയമായ ഒരു ആചാരപരമായ തർക്കം എന്നതിനപ്പുറം വിശ്വാസം, സ്വത്തുതർക്കം, ക്രമസമാധാനം, മതപരമായ കാര്യങ്ങളിൽ ഇടപെടാനുള്ള കോടതികളുടെ അധികാരം എന്നിവ ഉൾപ്പെടുന്ന വലിയൊരു നിയമപോരാട്ടത്തിനാണ് തമിഴ്‌നാട്ടിലെ പ്രശസ്തമായ ഈ മലമുകൾ ഇപ്പോൾ വഴിയൊരുങ്ങിയിരിക്കുന്നത്.സംസ്ഥാന സർക്കാരിനു വേണ്ടി അഭിഭാഷകൻ ബി.കരുണാകരൻ ജൂൺ 11-നാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കഴിഞ്ഞ ജനുവരി 6-ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പുറപ്പെടുവിച്ച വിധിയെയാണ് സർക്കാർ ചോദ്യം ചെയ്യുന്നത്. വർഷത്തിലൊരിക്കലെ കാർത്തിക ദീപത്തോടനുബന്ധിച്ച് മലമുകളിലെ ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഭരണസമിതിക്ക് നിർദേശം നൽകിയ ജസ്റ്റിസ് ജി.ആർ.സ്വാമിനാഥന്റെ 2025 ഡിസംബർ 1-ലെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചിരുന്നു. രാമ രവികുമാർ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഈ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *