രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്.ആർ.ആർ.ഒ) പുറപ്പെടുവിച്ച നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ സമർപ്പിച്ച ഹർജി നാളെ പരിഗണിക്കും. ബോംബെ ഹൈക്കോടതിയുടെ ബെഞ്ചാണ് വാദം കേൾക്കുക.
ഹിയറിംഗിനായി സമയം വേണമെന്ന് സോളിസിറ്റർ തുഷാർ മേത്തയോട് സംസാരിച്ചിട്ടുണ്ടെന്ന് ഇമ്രാൻ ഖാന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വെങ്കിടേഷ് ധോണ്ട് ബെഞ്ചിനെ അറിയിച്ചു. തനിക്ക് എതിർപ്പൊന്നുമില്ലെന്ന് തുഷാർ മേത്ത കോടതിയെ അറിയിച്ചതിനെ തുടർന്ന്, ഇമ്രാൻ ഖാന്റെ ഹർജി പരിഗണിക്കുന്നത് ഒക്ടോബർ 27 വൈകുന്നേരം 3 മണിയിലേക്ക് മാറ്റിവെച്ചു. എങ്കിലും, എഫ്.ആർ.ആർ.ഒ നോട്ടീസ് അനുസരിച്ച് ഇന്ത്യ വിടാൻ ഇമ്രാൻ ഖാന് ഇനി രണ്ട് ദിവസം മാത്രമാണ് സമയമുള്ളത്.പ്രതിഷേധത്തിൽ പങ്കുചേർന്ന് ഇമിഗ്രേഷൻ ആന്റ് ഫോറിനേഴ്‌സ് ആക്ട് (ഐഎഫ്എ) 2025 ലംഘിച്ചു എന്ന് ആരോപിച്ച് ഒക്ടോബർ 14-നാണ് താരത്തിന് നോട്ടീസ് നൽകിയത്. ഒക്ടോബർ 19-ന് ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, അദ്വൈത് എം. സേത്ന എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ ഹർജി പരാമർശിച്ചപ്പോൾ, ഒക്ടോബർ 26-ന് ഇത് കേൾക്കാമെന്ന് സമ്മതിച്ചിരുന്നു.തനിക്ക് രണ്ട് വയസ്സുള്ളപ്പോൾ മുതൽ ഇമ്രാൻ ഖാൻ ഇന്ത്യയിലാണ് ജീവിക്കുന്നതെന്നും ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലെന്നും മുതിർന്ന അഭിഭാഷകൻ ധോണ്ട് നേരത്തെ വാദിച്ചിരുന്നു. ഒക്ടോബർ 17-ന്, നടൻ ഇമ്രാൻ ഖാന്റെ ഒ.സി.ഐ കാർഡ് ഹോൾഡർ രജിസ്ട്രേഷൻ റദ്ദാക്കിയേക്കാമെന്ന് കാണിച്ച് എഫ്.ആർ.ആർ.ഒ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് ഈ നടപടി “ഭരണഘടനാ വിരുദ്ധവും വ്യക്തമായും ഏകപക്ഷീയവും ആനുപാതികമല്ലാത്തതുമാണ്” എന്ന് ചൂണ്ടിക്കാട്ടി ഇമ്രാൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്.
നോട്ടീസ് റദ്ദാക്കണമെന്നും നാടുകടത്തൽ പോലെയുള്ള നിർബന്ധിത നടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകണമെന്നും ഇമ്രാൻ ഖാൻ കോടതിയോട് ആവശ്യപ്പെട്ടു. ഇമ്രാൻ ഖാന്റെ കസ്റ്റഡിക്ക് ശേഷം, അദ്ദേഹം നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് കിരിത് സോമയ്യ പരാതി നൽകിയിരുന്നു.
