ട്രെയിനുകളിലെ അമിത തിരക്ക് നിയന്ത്രിക്കാൻ ഇന്ത്യൻ റെയില്‍വേ അടിയന്തരവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീം കോടതി.യാത്രക്കാർ ഓടുന്ന ട്രെയിനില്‍ നിന്ന് വീണു മരിക്കുന്ന സാഹചര്യങ്ങള്‍ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ കർശന നിർദ്ദേശം. ഒപ്പം, റെയില്‍വേയുടെ നിയമാവലികളില്‍ (മാനുവലുകളില്‍) ഉപയോഗിക്കുന്ന ‘സെക്കൻഡ് ക്ലാസ് യാത്രക്കാരൻ’ (രണ്ടാം ക്ലാസ് യാത്രക്കാരൻ) എന്ന പ്രയോഗം നിർത്തലാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ക്ലാസ് വേർതിരിവ് കോച്ചുകള്‍ക്ക് മാത്രമായിരിക്കണമെന്നും യാത്രക്കാരെ അത്തരത്തില്‍ തരംതിരിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ സമത്വ സങ്കല്‍പ്പങ്ങള്‍ക്ക് നിരക്കാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.2025ല്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണു മരിച്ച ഒരു യാത്രക്കാരന്റെ ഭാര്യ നല്കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് നോങ്മെയ്കാപം കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണ്ണായക ഉത്തരവ്. അപകടത്തില്‍പ്പെട്ടയാളുടെ ടിക്കറ്റ് കണ്ടെത്താനായില്ല എന്ന സാങ്കേതിക കാരണം പറഞ്ഞ് റെയില്‍വേ ആക്ട് പ്രകാരമുള്ള ന്യായമായ നഷ്ടപരിഹാരം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, മരിച്ചയാളുടെ ഭാര്യയ്ക്ക് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. ട്രെയിനുകളില്‍ നിന്ന് വീണുള്ള മരണങ്ങള് അപൂർവമായ സംഭവങ്ങളല്ലെന്നും, റെയില്‍വേയുടെ വൻതോതിലുള്ള പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വെറും കണക്കുകള്‍ മാത്രമായി തോന്നാമെങ്കിലും, ബാധിക്കപ്പെടുന്ന കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ജീവിതം തന്നെ തകർക്കുന്ന ദുരന്തങ്ങളാണെന്നും കോടതി ഓർമ്മിപ്പിച്ചു.അമിത തിരക്ക് കാരണം സമീപകാലത്തുണ്ടായ വലിയ അപകടങ്ങളെയും കോടതി വിധിയില്‍ പരാമർശിച്ചു. നാല് യാത്രക്കാരുടെ മരണത്തിന് ഇടയാക്കിയ മുംബൈ സബർബൻ ട്രെയിൻ അപകടം, മഹാ കുംഭമേളയോടനുബന്ധിച്ചുണ്ടായ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കും തിരക്കും ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങള്‍ ട്രെയിനുകളിലെ സുരക്ഷാ വീഴ്ചകളെയാണ് കാണിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. റെയില്‍വേ കൊമേഴ്സ്യല്‍ മാനുവല്‍ പ്രകാരം തിരക്ക് നിയന്ത്രിക്കാനും യാത്രക്കാരെ കോച്ചുകളില്‍ കൃത്യമായി വിന്യസിക്കാനും സ്റ്റേഷൻ മാസ്റ്റർമാർക്കും ടിക്കറ്റ് പരിശോധകർക്കും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങള്‍ ഉണ്ടെങ്കിലും, അവയുടെ നടപ്പാക്കലില്‍ വലിയ പോരായ്മകളുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.സുരക്ഷാ നടപടികള്‍ കൃത്യമായി നടപ്പിലാക്കാൻ കൂടുതല്‍ ഉദ്യോഗസ്ഥർ ആവശ്യമാണെന്നും, ഇതിനായി രാജ്യത്തെ യുവാക്കള്‍ക്ക് റെയില്‍വേയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നത് പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഇത് രാജ്യത്തെ യുവാക്കള്‍ക്ക് സ്ഥിരമായ ഒരു ജീവിതമാർഗ്ഗം നല്‍കുന്നതിനൊപ്പം മനുഷ്യജീവനുകള്‍ സംരക്ഷിക്കാനും സഹായിക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, സുരക്ഷയുടെ കാര്യത്തില്‍ യാത്രക്കാർക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും സ്വന്തം ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള യാത്രകള്‍ ഒഴിവാക്കാൻ പൊതുജനങ്ങള്‍ തയ്യാറാകണമെന്നും കോടതി ഓർമ്മിപ്പിച്ചു. നേരത്തെ ടിക്കറ്റ് ലഭിച്ചില്ലെന്ന കാരണത്താല്‍ നഷ്ടപരിഹാരം നിഷേധിച്ച റെയില്‍വേ ക്ലെയിംസ് ട്രൈബ്യൂണലിന്റെയും മധ്യപ്രദേശ് ഹൈക്കോടതിയുടെയും ഉത്തരവുകള്‍ തെറ്റാണെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതിയുടെ ഈ മാതൃകാപരമായ വിധി.
‘സെക്കൻഡ് ക്ലാസ് യാത്രക്കാരൻ’ എന്ന പ്രയോഗം വേണ്ടെന്ന് സുപ്രീംകോടതി; ട്രെയിനുകളിലെ തിരക്ക് നിയന്ത്രിക്കണമെന്ന് കര്‍ശന നിര്‍ദേശം
