ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദനകേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷന് കോടതിയുടെ കടുത്ത വിമർശനം. നിലവിലുള്ള റിപ്പോർട്ട് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളുടേതാണെന്നും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ റിപ്പോർട്ട് എവിടെ എന്നും കോടതി ചോദിച്ചു. വാർത്ത ഉണ്ടാക്കിയിട്ട് കാര്യമില്ല, കോടതിക്ക് വേണ്ടത് വസ്തുതാപരമായ റിപ്പോർട്ടാണെന്നും കേസ് പരിഗണിച്ച ജഡ്ജി ഹണി എം. വർഗീസ് വിമർശിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം അഞ്ച് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർക്കുന്ന ഘട്ടത്തിലാണ് കോടതിയുടെ ഈ പരാമർശം. നിലവിൽ കോടതിക്ക് മുന്നിലുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമുള്ള റിപ്പോർട്ടാണ്. പ്രത്യേക അന്വേഷണ സംഘം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി തയാറാക്കിയ പുതിയ റിപ്പോർട്ട് ഇതുവരെ കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ വിമർശനം.
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് വീഴ്ച്ച ഉണ്ടായാൽ ഗൺമാന്മാരുടെ ജോലി തന്നെ നഷ്ടമായേനെയെന്നും പ്രതിഷേധക്കാർ പിന്തിരിഞ്ഞിട്ടും പിന്നാലെ പോയി മർദ്ദിക്കുകയായിരുന്നുവെന്നും ലോക്കൽ പൊലീസ് അവിടെ ഉണ്ടായിരുന്നു.
തല്ലാൻ മാത്രമുള്ള സാഹചര്യം ഇല്ലായിരുന്നുവെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
രാജാവിനെക്കാൾ രാജഭക്തി ഉണ്ടായിരുന്നതാണ് കാരണമെന്നും അഭിഭാഷകൻ വ്യക്തമാക്കി. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും നിലവിൽ ഉള്ളത് ജാമ്യം കിട്ടുന്ന വകുപ്പുകൾ എന്നും അഭിഭാഷകൻ പറഞ്ഞു.
നിലവിൽ ജാമ്യം ഇല്ലാത്ത വകുപ്പുകൾ ചുമത്തിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. കേസ് പരിഗണിക്കുന്ന സമയത്ത് അന്വേഷണ ഉദ്യോഗസ്ഥൻ ഡിജിപിയുമായുള്ള മീറ്റിംഗിലാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ കോടതിയിൽ വിമർശനം ഉയർന്നു. കേസ് ഇന്ന് പരിഗണിക്കുമെന്ന് ദിവസങ്ങൾക്ക് മുമ്പേ അറിയിച്ചിരുന്നതാണെന്നും എന്നിട്ടും റിപ്പോർട്ട് സമർപ്പിക്കാതെ ഉദ്യോഗസ്ഥർ മീറ്റിംഗിന് പോയത് എങ്ങനെ ശരിയാകുമെന്നും കോടതി ചോദിച്ചു. കേസിൽ ഉടൻ തന്നെ കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച കോടതി ജാമ്യാപേക്ഷകൾ ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.
