ന്യൂഡൽഹി: ബക്രീദ് പ്രമാണിച്ച് ഗോവധം പൂർണ്ണമായി നിരോധിക്കുന്ന നിയമം കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹർജിയിൽ അടിയന്തരമായി വാദം കേൾക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി“ഉത്സവത്തിന് തൊട്ടുതലേന്നാണ് നിങ്ങൾക്ക് ഈ കാര്യം ഓർമ്മ വന്നത്. ഇതിൽ യാതൊരു അടിയന്തര സാഹചര്യവുമില്ല, നന്ദി,” എന്ന് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അഖില ഭാരത് ഹിന്ദു മഹാസഭ മുൻ വൈസ് പ്രസിഡന്റ് സമർപ്പിച്ച ഹർജിക്ക് വേണ്ടി അഭിഭാഷകനായ വരുൺ കുമാർ സിൻഹയാണ് കോടതിയിൽ അടിയന്തര ആവശ്യവുമായി വിഷയം ഉന്നയിച്ചത്.മറ്റന്നാൾ ബക്രീദാണ്. അതിനാൽ പശുഹത്യ നിരോധന നിയമം കർശനമായി നടപ്പാക്കാൻ നിർദ്ദേശം നൽകണം. ഹർജി നാളെത്തന്നെ പരിഗണിക്കാൻ പട്ടികയിൽ ഉൾപ്പെടുത്തണം, എന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. പശുക്കളെയും അതിന്റെ വംശത്തിൽപ്പെട്ട മറ്റ് മൃഗങ്ങളെയും സംരക്ഷിക്കുന്നതിനായി നിലവിലുള്ള കശാപ്പ് വിരുദ്ധ നിയമങ്ങൾ കൃത്യമായി നടപ്പാക്കാൻ നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
ബക്രീദിന് മുന്നോടിയായി ഗോവധ നിരോധനം നടപ്പാക്കണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി
