ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ത്തില്‍ എസ്‌ഐടി പ്രതി ചേർത്ത മൂന്ന് പേർ മുൻകൂർ ജാമ്യാപേക്ഷ നല്‍കി. മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗങ്ങളായിരുന്ന ഷൈജു, വിപിൻ, അരുണ്‍ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്.ആലപ്പുഴ ജില്ലാ സെഷൻസ് കോടതി കേസ് ജൂണ്‍ രണ്ടിന് പരിഗണിക്കും.അതേ സമയം, ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാൻ അനില്‍ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ആലപ്പുഴ ജില്ലാ സെഷൻസ് കോടതി തീർപ്പാക്കി. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷൻ അന്വേഷണ റിപ്പോർട്ട് ഹാജരാക്കിയിരുന്നില്ല. തുടർന്ന് പ്രോസിക്യൂഷനെ കോടതി രൂക്ഷമായി വിമർശിച്ചു.അന്വേഷണ റിപ്പോർട്ട് ഹാജരാക്കിയ ശേഷം ഉച്ചകഴിഞ്ഞ് കേസ് വീണ്ടും പരിഗണിച്ചു. നിലവില്‍ പ്രതികള്‍ക്കെതിരെ ഉള്ളത് ജാമ്യമുള്ള വകുപ്പുകള്‍ മാത്രമാണെന്നും അതിനാല്‍ മുൻകൂർ ജാമ്യഹർജിയുടെ ആവശ്യം എന്താണെന്നും കോടതി ചോദിച്ചു. പ്രതികള്‍ക്കെതിരെ ഉള്ളത് ജാമ്യമുള്ള വകുപ്പുകള്‍ മാത്രമാണെന്നും മുൻ കൂർ ജാമ്യഹർജി നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുമെന്ന വിദൂരസാധ്യത പോലും അന്വേഷണ റിപ്പോർട്ടിലോ മുൻകൂർ ജാമ്യ അപേക്ഷ എതിർത്തുള്ള ഒബ്ജക്ഷൻ റിപ്പോർട്ടിലോ ഇല്ലാത്തതിനാല്‍ മുൻകൂർ ജാമ്യ അപേക്ഷ കോടതി തീർപ്പാക്കി.
ആലപ്പുഴ ‘രക്ഷാപ്രവര്‍ത്തനം’: എസ്‌ഐടി പ്രതി ചേര്‍ത്ത 3 പേര്‍ മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കി, ജൂണ്‍ 2ന് കോടതി പരിഗണിക്കും
