കോഴിക്കോട്: കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം കേരള ഫിനാൻഷ്യൽ കോർപറേഷൻ 9.18 കോടിക്ക് ലേലം ചെയ്തത് ഹൈക്കോടതി റദ്ദാക്കി. ലേല വിൽപനയുടെ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പുനർമൂല്യനിർണയം നടത്തി 6 മാസത്തിനകം വീണ്ടും ലേലം ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചു. വായ്പ തുക കുടിശ്ശികയുടെ പേരിലാണ് 30 കോടിയുടെ കെട്ടിടം കെഎഫ്സി സ്വന്തം നിലയിൽ ഏറ്റെടുത്ത് 9.18 കോടിക്ക് ലേലം ചെയ്തത്.കോഴിക്കോട് കസബ വില്ലേജിലെ പേൾ ഹിൽ ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സിന്റെ 16.21 ആർസ് ഈട് വസ്തു കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ലേലം ചെയ്ത നടപടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പ്രീത എ.കെ. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഇടപെടൽ.ലേല വിൽപനയിലെ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയ ആളുടെ വസ്തു വിൽക്കുമ്പോൾ മികച്ച വില ഉറപ്പാക്കാൻ ‘ട്രസ്റ്റി’ എന്ന നിലയിൽ പ്രവർത്തിക്കേണ്ട കെഎഫ്സി അതിൽ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. വസ്തു ലേലത്തിൽ പിടിച്ചവർക്ക് ആ വസ്തു വാങ്ങാൻ വേണ്ടി തന്നെ കെഎഫ്സി 5 കോടി രൂപയുടെ ലോൺ അനുവദിച്ചു. ഇത് കെഎഫ്സിയുടെ സ്വന്തം സർക്കുലർ വ്യവസ്ഥകൾക്ക് പോലും വിരുദ്ധമായാണ് ചെയ്തത്. ലേലം സ്ഥിരീകരണ കത്ത് ലഭിച്ചയാൾക്ക് മാത്രമേ ലോൺ നൽകാവൂ എന്ന വ്യവസ്ഥ ഇവിടെ ലംഘിക്കപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.ലേലത്തിൽ പങ്കെടുത്തത് രണ്ട് പേർ മാത്രമായിരുന്നു. ഇതിൽ ലേലം ഉറപ്പിച്ച ആളുടെ നോമിനികളായി വന്ന പങ്കാളിത്ത സ്ഥാപനത്തിലെ പങ്കാളികളിൽ ഒരാൾ, ലേലത്തിൽ പരാജയപ്പെട്ട രണ്ടാമത്തെ ആളുടെ മകനായിരുന്നു. ഇത് ലേല നടപടികളിലെ സുതാര്യതയില്ലായ്മയും ഒത്തുകളിയും വ്യക്തമാക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ലേല വ്യവസ്ഥ പ്രകാരം തുക അടയ്ക്കേണ്ട നിശ്ചിത സമയപരിധിയും ഇവിടെ ലംഘിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ കോവിഡ് മഹാമാരിയുടെ സമയത്ത് വിപണി മൂല്യം ഇടിഞ്ഞുനിന്ന സാഹചര്യത്തിലാണ് ഈ ലേലം നടന്നതെന്നും കോടതി ഓർമ്മിപ്പിച്ചു.വസ്തുവിന്റെ ലേലം റദ്ദാക്കിയ കോടതി, വസ്തുവിന്മേൽ പുനർമൂല്യനിർണയം നടത്തിക്കൊണ്ട് ആറ് മാസത്തിനകം വീണ്ടും പുതിയ ലേലം നടത്താനും കെഎഫ്സിയോട് നിർദേശിച്ചിട്ടുണ്ട്.
വിൽപനയുടെ മാനദണ്ഡങ്ങൾ പാലിച്ചില്ല’; കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം കെഎഫ്സി 9.18 കോടിക്ക് ലേലം ചെയ്തത് റദ്ദാക്കി ഹൈക്കോടതി
