രാഹുല്‍ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കക്ഷിചേരാൻ ശ്രമിച്ച ഗവേഷകന് 20000 രൂപ പിഴ

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സ്വാതന്ത്ര്യ സമര സേനാനി വി.ഡി.സവർക്കറുടെ കൊച്ചുമകൻ സത്യകി സവർക്കർ നല്‍കിയ അപകീർത്തി കേസില്‍ ഇടപെടാൻ അനുമതി തേടി സമർപ്പിച്ച ഹർജി കോടതി തള്ളി.ഗവേഷകനായ പങ്കജ് കെ. ഫഡ്‌നിസ് സമർപ്പിച്ച ഇടപെടല്‍ ഹർജിയാണ് പൂനെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അമോല്‍ ശ്രീറാം ഷിൻഡെ തള്ളിയത്. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് ഗവേഷകന് 20,000 രൂപ പിഴയും ചുമത്തി.ഗവേഷകന് കേസുമായി യാതൊരു നിയമപരമായ ബന്ധവുമില്ലെന്ന് കോടതി വ്യക്തമാക്കി. “അന്തരിച്ച സവർക്കറുടെ കുടുംബാംഗമോ അടുത്ത ബന്ധുവോ അല്ലാത്ത വ്യക്തിക്ക് അപകീർത്തിക്കേസില്‍ തനിക്ക് വ്യക്തിപരമായി വിഷമമുണ്ടായി എന്ന് അവകാശപ്പെടാനോ കേസില്‍ കക്ഷിയാകാനോ സി.ആർ.പി.സി സെക്ഷൻ 199 പ്രകാരം അവകാശമില്ല,” എന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.പിഴത്തുക പൂനെ ജില്ലാ ലീഗല്‍ സർവീസസ് അതോറിറ്റിയില്‍ അടയ്ക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കേസിലെ വാദങ്ങള്‍ക്കായി കോടതിയുടെ വിലയേറിയ സമയം പാഴാക്കിയെന്നും ജഡ്ജി നിരീക്ഷിച്ചു.2023 മാർച്ചില്‍ യുകെ സന്ദർശനത്തിനിടെ രാഹുല്‍ ഗാന്ധി വി.ഡി. സവർക്കർക്കെതിരെ നടത്തിയ പരാമർശങ്ങള്‍ക്കെതിരെയാണ് സത്യകി സവർക്കർ അപകീർത്തിക്കേസ് ഫയല്‍ ചെയ്തത്. ഈ കേസില്‍ താൻ നടത്തിയ ഗവേഷണങ്ങളും ചരിത്രരേഖകളും കോടതിയെ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവേഷകനായ ഫഡ്‌നിസ് കേസില്‍ കക്ഷി ചേരാൻ അപേക്ഷ നല്‍കിയത്.എന്നാല്‍ പരാതിക്കാരനായ സത്യകി സവർക്കറും ആരോപണ വിധേയനായ രാഹുല്‍ ഗാന്ധിയും ഹർജിയെ ശക്തമായി എതിർത്തു. സ്വകാര്യ അപകീർത്തി കേസില്‍ മൂന്നാമതൊരാള്‍ കക്ഷി ചേരുന്നത് വിചാരണയുടെ സ്വാഭാവിക ഘടനയെ ബാധിക്കുമെന്നും സമയം വൈകിപ്പിക്കാനാണ് പങ്കജ് ശ്രമിക്കുന്നതെന്നും ഇരുഭാഗത്തിന്റെയും അഭിഭാഷകർ വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *