ഡിജിറ്റൽ മാർക്ക് ഷീറ്റിൽ കൃത്രിമം; വിദ്യാർഥിയുടെ ബി.ടെക് പ്രവേശനം റദ്ദാക്കി ബോംബെ ഹൈക്കോടതി

മുംബൈ: എം.എച്ച്.-എം.എച്ച്.ടി.-സി.ഇ.ടി. പ്രവേശന പരീക്ഷയുടെ സ്കോർകാർഡിൽ കൃത്രിമം കാണിച്ച് പ്രവേശനം നേടിയ വിദ്യാർഥിക്ക് തിരിച്ചടി. വ്യാജ രേഖകൾ ഉപയോഗിച്ച് നേടിയ പ്രവേശനം പുനഃസ്ഥാപിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ബോംബെ ഹൈക്കോടതി വിദ്യാർഥിയുടെ ഹരജി തള്ളി. വ്യാജ പരീക്ഷാ രേഖകളുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ആനുകൂല്യങ്ങളെ കോടതിക്ക് സംരക്ഷിക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.ശുഭം മംഗിറെ എന്ന വിദ്യാർഥിയാണ് തനിക്ക് ബി.ടെക് റിന്യൂവബിൾ എനർജി എൻജിനീയറിങ് കോഴ്സിലുണ്ടായിരുന്ന പ്രവേശനം റദ്ദാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന എം.എച്ച്.-എം.എച്ച്.ടി.-സി.ഇ.ടി. പി.സി.എം. പരീക്ഷകളിൽ താൻ യഥാക്രമം 78.87%, 73.54% എന്നിങ്ങനെ മാർക്ക് നേടിയെന്ന് കാണിച്ച് വ്യാജമെന്ന് പിന്നീട് കണ്ടെത്തിയ സ്കോർകാർഡുകൾ സമർപ്പിച്ചായിരുന്നു വിദ്യാർഥി ജൂൺ 23-ന് പ്രവേശനം നേടിയത്.എന്നാൽ സ്റ്റേറ്റ് സി.ഇ.ടി. സെൽ നടത്തിയ അന്വേഷണത്തിൽ വിദ്യാർഥി സമർപ്പിച്ച സ്കോർകാർഡുകൾ വ്യാജമാണെന്നും യഥാർത്ഥ ഡാറ്റ പ്രകാരം ഇദ്ദേഹത്തിന്റെ പെർസെന്റൈൽ യഥാക്രമം 7.84%, 13.54% മാത്രമാണെന്നും കണ്ടെത്തി. വിഷയത്തിലെ വിവിധ സ്കോറുകളിലും വലിയ പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു. വിദ്യാർഥി അവകാശപ്പെട്ടതുപോലെയുള്ള മാർക്ക് ആർക്കും നൽകിയിട്ടു പോലുമില്ലെന്ന് കോടതി നിരീക്ഷിച്ചു.സി.ഇ.ടി. സെല്ലിന്റെ സപ്ലിമെന്ററി റിപ്പോർട്ട് പ്രകാരം വിദ്യാർഥി ഹാജരാക്കിയ സ്കോർകാർഡുകൾ അധികൃതർ ഔദ്യോഗികമായി തയാറാക്കിയതല്ലെന്നും അവ കൃത്രിമമായി നിർമിച്ചതാണെന്നും വ്യക്തമായി. ഈ റിപ്പോർട്ട് തള്ളിക്കളയാൻ കാരണങ്ങളൊന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. വിദ്യാർഥി തന്നെയാണോ രേഖകൾ തിരുത്തിയത് എന്നതിനെക്കുറിച്ച് ക്രിമിനൽ അന്വേഷണം നടത്താൻ ഈ റിട്ട് ഹരജിയിൽ ഉദ്ദേശിക്കുന്നില്ലെന്നും കൂടുതൽ നടപടികൾ ബന്ധപ്പെട്ട അധികാരികൾക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.യോഗ്യരായ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട അവസരങ്ങൾ തട്ടിയെടുക്കുന്ന ഇത്തരം കൃത്രിമത്വങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് കോടതി മുന്നറിയിപ്പ് നൽകി. എത്രമാത്രം പ്രവേശനം ആഗ്രഹിച്ചാലും പരീക്ഷാ രേഖകളിൽ കൃത്രിമം കാണിച്ച് അത് ന്യായീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി വിദ്യാർഥിക്ക് കോഴ്സിൽ തുടരാൻ യാതൊരുവിധ നിയമപരമായ അവകാശവുമില്ലെന്ന് വ്യക്തമാക്കി സർവകലാശാലയുടെ നടപടി പൂർണമായും ശരിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *