ഷാര്‍ജയില്‍ പൊതുനിരത്തില്‍ സ്ത്രീയെ ആക്രമിച്ചത് തൻ്റെ ഭാര്യയെന്ന് കരുതി; വിചിത്ര വാദവുമായി യുവാവ്

ഭാര്യയെന്ന് തെറ്റിദ്ധരിച്ച്‌ മക്കളുടെ മുന്നില്‍വച്ച്‌ യുവതിയെ ക്രൂരമായി മർദ്ദിച്ച യുവാവിനെതിരെ കേസ്. ഏഷ്യൻ വംശജനായ യുവാവാണ് വിചാരണ നേരിടുന്നത്.ദാമ്പത്യ പ്രശ്നങ്ങള്‍ക്കിടെയാണ് യുവാവ് മറ്റൊരു സ്ത്രീയെ ഭാര്യയെന്ന് തെറ്റിദ്ധരിച്ചത് ആക്രമിച്ചത്.ഷാർജ മിസ്ഡിമീനർ കോടതിയിലാണ് കേസിന്റെ നടപടികള്‍ പുരോഗമിക്കുന്നത്. കുട്ടികളോടൊപ്പം തെരുവിലൂടെ നടക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് പ്രതി എത്തുകയും അവർക്ക് മനസ്സിലാകാത്ത ഭാഷയില്‍ സംസാരിക്കുകയും ചെയ്തതായി പരാതിക്കാരി കോടതിയില്‍ മൊഴി നല്‍കി.സംഭവം പിന്നീട് വാക്കുതർക്കത്തിലേക്ക് നീങ്ങിയതോടെ ഭയന്ന യുവതി സമീപത്തെ കടയില്‍ അഭയം തേടി. എന്നാല്‍ പ്രതി കടയ്ക്കുള്ളിലേക്കും പിന്തുടർന്നെത്തുകയും മോശമായി സംസാരിക്കുകയും തുടർന്ന് മക്കളുടെ മുന്നില്‍വെച്ച്‌ കഴുത്തിന് കുത്തിപിടിക്കുകയും ചെയ്തു.സംഭവം കണ്ടതോടെ കുട്ടികള്‍ ഭയന്നുപോയെന്നും യുവതി കോടതിയെ അറിയിച്ചു. പ്രതിയെ മുമ്പ് കണ്ടിട്ടില്ലെന്നും അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്നും യുവതി വ്യക്തമാക്കി. താൻ എന്തുകൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്നും അറിയില്ലെന്നും അവർ പറഞ്ഞു.യുവതി ഉന്നയിച്ച ആരോപണം പൂർണമായും നിഷേധിച്ചില്ല. യുവതിയ്ക്ക് തന്റെ ഭാര്യയുടെ സാമ്യമുണ്ടെന്നായിരുന്നു പ്രതിയുടെ വിശദീകരണം. ചില തർക്കങ്ങള്‍ നിലനിന്നിരുന്ന സാഹചര്യത്തില്‍ തെരുവില്‍ കണ്ട യുവതി ഭാര്യയാണെന്ന് കരുതിയെന്നും പ്രതി കോടതിയില്‍ പറഞ്ഞു. ഈ തെറ്റിദ്ധാരണയാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നും യുവാവ് വ്യക്തമാക്കി. തനിക്ക് യാതൊരു അസുഖവും ഇല്ലെന്നും പ്രതി കോടതിയെ അറിയിച്ചു.പൊതുസ്ഥലത്ത് യുവതിക്കും കുട്ടികള്‍ക്കും ഭീഷണിയുണ്ടാക്കുന്ന തരത്തില്‍ വാക്കാലും ശാരീരികമായും ആക്രമണം നടത്തിയെന്ന ആരോപണമാണ് കേസിലുള്ളത്. കേസില്‍ ഇതുവരെ കോടതി വിധി പുറപ്പെടുവിച്ചിട്ടില്ല. കൂടുതല്‍ തെളിവുകളും സാക്ഷിമൊഴികളും പരിശോധിക്കുന്നതിനായി വിചാരണ മാറ്റിവച്ചു.പരാതിക്കാരിയെ അടുത്ത വാദത്തിനായി കോടതിയില്‍ ഹാജരാക്കാൻ സമൻസ് അയക്കാനും സംഭവത്തിന് സാക്ഷികളായവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനും ഷാർജ മിസ്ഡിമീനർ കോടതി ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *