കോടതി വിധി പിതാവിന് അനുകൂലമായതോടെ നടുറോഡില്‍ വെച്ച് 82 കാരനെ കുത്തിക്കൊലപ്പെടുത്തി മകൻ. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം.സർക്കാർ സർവീസില്‍ നിന്ന് വിരമിച്ച ജാഫർ ഖമറുദ്ദീൻ സയ്യിദ് പട്ടേലാണ് കൊല്ലപ്പെട്ടത്. മകൻ അബ്ദുല്‍ റഹിമാനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ജോലി ചെയ്യുന്ന അബ്ദുല്‍ റഹിമാൻ വീട്ടില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും പിതാവിനെ ഉള്‍പ്പടെ കായികമായി ഉപദ്രവിക്കുന്നതും പതിവായിരുന്നു. ഗതികെട്ട് പിതാവ് ജാഫർ പട്ടേല്‍ പൂനൈയിലുള്ള മകളുടെ വീട്ടിലേക്ക് താമസം മാറി. അതിന് പിന്നാലെ തന്റെ അധ്വാനത്തില്‍ ഉണ്ടാക്കിയ വീട്ടില്‍ നിന്ന് മകനെ ഇറക്കിവിടാൻ നിയമസഹായം തേടുകയായിരുന്നു ജാഫർ പട്ടേല്‍. രണ്ടുവർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് ജാഫർ പട്ടേലിന് അനുകൂലമായ വിധി ലഭിച്ചത്.കോടതിയില്‍ നിന്ന് വിധി പകർപ്പ് വാങ്ങി മകളോടൊപ്പം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങവേയാണ് വഴിയില്‍ തടഞ്ഞ് നിർത്തി അബ്ദുല്‍ റഹ്മാൻ കുത്തിപരിക്കേല്‍പ്പിച്ചത്. പിതാവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കവേ മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ നാട്ടുകാരും പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കോടതി വിധി പിതാവിന് അനുകൂലമായി; 82 കാരനെ കുത്തിക്കൊലപ്പെടുത്തി മകൻ
