മുംബൈ: മഹാരാഷ്ട്രയിൽ ഓൾഡ് മങ്ക് റമ്മിന്റെ വിൽപ്പന തടഞ്ഞുകൊണ്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പുറപ്പെടുവിച്ച ഉത്തരവിന് ഉടനടി ഇടക്കാല സ്റ്റേ നൽകാൻ ബോംബെ ഹൈക്കോടതി വിസമ്മതിച്ചു. ഇതോടെ സംസ്ഥാനത്തെ മദ്യവിൽപ്പനശാലകളിൽ ജനപ്രിയ റമ്മായ ഓൾഡ് മങ്ക് തിരിച്ചെത്താൻ ഇനിയും വൈകും.മദ്യത്തിന്റെ ചേരുവകളും കുപ്പിയിലെ ലേബലിലെ വിവരങ്ങളുമാണ് തർക്കത്തിന് കാരണം. റമ്മിൽ ചേർത്തിരിക്കുന്ന കൃത്രിമ ചേരുവകളിലും പഴക്കം വ്യക്തമാക്കുന്ന വിവരങ്ങളിലും FSSAI ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. years old blended”, “very old vatted” എന്നീ വാക്കുകൾ സാധാരണ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഈ വാചകം കാണുമ്പോൾ കുപ്പിയിലെ മദ്യം മുഴുവൻ 7 വർഷം പഴക്കമുള്ളതാണെന്ന് ജനങ്ങൾ കരുതുമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് രവീന്ദ്ര വി. ഘൂഗെ വ്യക്തമാക്കി. കുപ്പിയിൽ ചേർത്ത കൃത്രിമ സുഗന്ധദ്രവ്യങ്ങളെക്കുറിച്ച് എഴുതിയിരിക്കുന്നത് വളരെ ചെറിയ അക്ഷരങ്ങളിലാണെന്നും ഭൂതക്കണ്ണാടി ഉപയോഗിച്ചു നോക്കിയിട്ടുപോലും അത് കണ്ടെത്താൻ പ്രയാസമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.ന്യൂട്രൽ സ്പിരിറ്റിൽ കൃത്രിമ ചേരുവകൾ ചേർക്കുന്നത് റമ്മിന്റെ സ്വാഭാവിക ഗുണത്തെ നഷ്ടപ്പെടുത്തുന്നെന്ന് FSSAI വാദിച്ചു. ഉൽപ്പന്നത്തിൽ യഥാർത്ഥ റം സ്പിരിറ്റ് 2 മുതൽ 5 ശതമാനം വരെ മാത്രമാണ് അടങ്ങിയിട്ടുള്ളത്. ബാക്കി ഭാഗം ന്യൂട്രൽ സ്പിരിറ്റാണ്. അതിനാൽ ഇതിനെ പൂർണമായി “റം” എന്ന് വിളിക്കുന്നത് ഉപഭോക്താക്കളെ വഞ്ചിക്കലാണ്. വേണമെങ്കിൽ “റം ഫ്ലേവേർഡ് സ്പിരിറ്റ്” എന്ന് വിളിച്ച് വിൽക്കാമെന്നും FSSAI നിർദേശിച്ചു.ഓൾഡ് മങ്കിന്റെ നിർമാതാക്കളായ മോഹൻ റോക്കി സ്പ്രിങ് വാട്ടർ പ്രൈവറ്റ് ലിമിറ്റഡ്, വിവാദമായ “7 years old blended” എന്ന ഭാഗം മാറ്റാമെന്നും മറ്റ് ചേരുവകളെക്കുറിച്ചുള്ള വിവരങ്ങൾ ലേബലിൽ കൂടുതൽ വ്യക്തമായി രേഖപ്പെടുത്താമെന്നും കോടതിയെ അറിയിച്ചു. പുതിയ ലേബലിന്റെ മാതൃക കമ്പനി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.പുതിയ ലേബലുകൾ പരിശോധിച്ച് നിലപാട് അറിയിക്കാൻ FSSAIയോടും അനുമതി നടപടികൾ വേഗത്തിലാക്കാൻ മഹാരാഷ്ട്ര എക്സൈസ് വകുപ്പിനോടും കോടതി നിർദേശിച്ചു. കേസ് കൂടുതൽ വാദത്തിനായി സെപ്തംബർ 11ലേക്ക് മാറ്റി.
റമ്മോ അതോ ഫ്ലേവേർഡ് സ്പിരിറ്റോ? ഓൾഡ് മങ്കിനെതിരെ ഫുഡ് സേഫ്റ്റി അതോറിറ്റി; നിരോധനം നീക്കാതെ ഹൈക്കോടതി
