‘മാപ്പപേക്ഷ നൽകിയാൽ നടപടി അവസാനിക്കുമോ?’ കെ ബിജു ഐഎഎസിനോട് ഹൈക്കോടതി

എറണാകുളം:കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഉത്തരവിലെ പരാമർശങ്ങളിൽ വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മാപ്പപേക്ഷ നൽകിയാൽ മാത്രം കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കാൻ സാധിക്കുമോ എന്ന് ചോദിച്ച കോടതി, ഉദ്യോഗസ്ഥൻ നൽകിയ പുതിയ സത്യവാങ്മൂലം പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.കോടതിയുടെ സത്യസന്ധത ചോദ്യം ചെയ്തു17 വർഷത്തെ സർവീസുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ് വിവാദ ഉത്തരവിറക്കിയതെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ ചൂണ്ടിക്കാട്ടി. കോടതിയുടെ സമ്മർദം മൂലമാണ് പ്രതികളെ വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി നൽകുന്നതെന്ന രീതിയിലായിരുന്നു കെ ബിജുവിൻ്റെ ആദ്യ ഉത്തരവ്. കോടതിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന ഈ നടപടി പ്രഥമദൃഷ്ട്യാ തെറ്റാണെന്നും, ഇതൊരു നാക്കുപിഴയായി കാണാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മനഃപൂർവമാണ് ഇത്തരം പരാമർശങ്ങൾ ഉത്തരവിൽ ഉൾപ്പെടുത്തിയതെന്ന് നിരീക്ഷിച്ച സിംഗിൾ ബെഞ്ച്, വിഷയത്തിൽ യാതൊരു ഇളവും പ്രതീക്ഷിക്കേണ്ടതില്ലെന്നും മുന്നറിയിപ്പ് നൽകി.ആദ്യ ഉത്തരവിനെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചതോടെ ഉദ്യോഗസ്ഥൻ മാപ്പപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രൂക്ഷമായ ഭാഷയിൽ വിമർശിച്ച കോടതി ഈ അപേക്ഷ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് പഴയ അപേക്ഷ തിരുത്തി പുതിയത് സമർപ്പിച്ചത്. അഡ്വക്കറ്റ് ജനറൽ ഉപദേശിച്ചതുകൊണ്ട് മാത്രമാണ് വിവാദമായ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് തിരുത്താൻ ഉദ്യോഗസ്ഥൻ തയാറായതെന്ന് കോടതി കുറ്റപ്പെടുത്തി. ഗൗരവമുള്ള വിഷയമായതിനാൽ ഇക്കാര്യത്തിൽ കൃത്യമായ ജുഡീഷ്യൽ പരിശോധന ആവശ്യമാണെന്നും ഹൈക്കോടതി നിലപാടെടുത്തു.പ്രോസിക്യൂഷൻ അനുമതി ഉത്തരവ് അന്വേഷണ ഏജൻസിയായ സിബിഐയ്ക്ക് കൈമാറാതെ പ്രതികൾക്ക് നൽകിയ നടപടിയെയും കോടതി ചോദ്യം ചെയ്തു. പുതുക്കിയ ഉത്തരവിൻ്റെ പകർപ്പ് ഉടൻ തന്നെ സിബിഐയ്ക്ക് നൽകാൻ ബെഞ്ച് നിർദേശം നൽകി. തെറ്റ് ചെയ്ത ഉദ്യോഗസ്ഥൻ മാപ്പപേക്ഷ വാർത്താ സമ്മേളനത്തിൽ പറയണമെന്നും കോടതി ഒരു വേള വാക്കാൽ പരാമർശിച്ചു.കശുവണ്ടി കോർപറേഷനിലെ തോട്ടണ്ടി ഇടപാടുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന കേസിലാണ് സിബിഐ അന്വേഷണം പുരോഗമിക്കുന്നത്. വിദേശത്തുനിന്ന് ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി ഉയർന്ന വിലയ്ക്ക് ഇറക്കുമതി ചെയ്തതിലൂടെ സർക്കാരിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായെന്നാണ് കണ്ടെത്തൽ. സിബിഐ അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിൻ്റെ ഭാഗമായാണ് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയത്.എന്നാൽ മാസങ്ങളോളം സർക്കാർ ഈ അപേക്ഷയിൽ തീരുമാനമെടുക്കാതെ വൈകിപ്പിച്ചു. തുടർന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയതോടെയാണ് വ്യവസായ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കാൻ നിർബന്ധിതനായത്. എന്നാൽ കോടതിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അനുമതി നൽകുന്നതെന്ന ധ്വനി ഉത്തരവിൽ ഉൾപ്പെടുത്തിയത് കോടതിയലക്ഷ്യമായി മാറുകയായിരുന്നു. കെ ബിജുവിനെതിരായ കോടതിയലക്ഷ്യ നടപടികൾ തുടരുമെന്ന് വ്യക്തമാക്കിയ കോടതി, ഹർജി മറ്റന്നാൾ വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *