പത്താം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 20കാരന് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് എട്ട് വർഷം കഠിന തടവും 40,000 രൂപ പിഴയുമാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി വിധിച്ചത്.അടിമലതുറ കോട്ടുകാല്‍ സ്വദേശി അനുവിനെതിരെയാണ് കേസ്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും വിധിന്യായത്തില്‍ കോടതി നിർദേശിച്ചു. പിഴ അടച്ചില്ലെങ്കില്‍ പ്രതി നാല് മാസം അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.വിദ്യാർഥിനി അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. പ്രതി പലതവണ പെണ്‍കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞ് ശല്യപ്പെടുത്തിയിരുന്നതായി പ്രോസിക്യൂഷൻ കോടതിയില്‍ വ്യക്തമാക്കി. സംഭവ ദിവസം പെണ്‍കുട്ടിയെ കാണണമെന്ന് വാശിപിടിച്ച് പ്രതി കുട്ടി പഠിക്കുന്ന സ്കൂളിലെത്തി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ബൈക്കില്‍ കയറാൻ നിർബന്ധിച്ചു. ആദ്യം വിസമ്മതിച്ച കുട്ടിയെ നിർബന്ധിച്ച് ബൈക്കില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി. തുടർന്ന് ഉച്ചയോടെ കല്ലുമല ബൈപ്പാസിന് സമീപം എത്തിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ പൊലീസില്‍ പരാതി നല്കി. ഇക്കാര്യം അറിഞ്ഞ പ്രതി കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയതായും പ്രോസിക്യൂഷൻ ആരോപിച്ചു. തുടർന്ന് രാത്രിയില്‍ പൊലീസ് പ്രതിയുടെ വീട്ടിലെത്തി കുട്ടിയെ കണ്ടെത്തി കൂട്ടിക്കൊണ്ടുപോയി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു, 20കാരന് ശിക്ഷ വിധിച്ച് കോടതി
