പരീക്ഷ എഴുതാൻ അനുമതിയില്ല; കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരായ പ്രതിഷേധത്തെ തുടർന്ന് സസ്‌പെൻഷനിലായ വിദ്യാർഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മതിയായ ഹാജരില്ലാത്തത് പരീക്ഷയെഴുതുന്നതിന് തടസമാണെന്നും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് വൈസ് ചാൻസലർ സിസ തോമസും സർവകലാശാലയും സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. വിദ്യാർഥികളുടെ ഹാജർനില പരിശോധിക്കാതെയാണ് സിംഗിൾ ബെഞ്ച് പരീക്ഷയ്ക്ക് അനുമതി നൽകിയതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആവശ്യമായ ഹാജരില്ലെന്നും പിഴയോടുകൂടി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി അവസാനിച്ചെന്നും വൈസ് ചാൻസലർ കോടതിയെ അറിയിച്ചു.നാളെ മുതലാണ് പരീക്ഷകൾ ആരംഭിക്കുന്നത്. ഡിവിഷൻ ബെഞ്ച് അനുമതി നിഷേധിച്ചതോടെ വിദ്യാർഥികൾക്ക് ഇത്തവണ പരീക്ഷ എഴുതാനാകില്ല.അതേസമയം, സസ്‌പെൻഷനെതിരായ സമരം തുടരുമെന്ന് എസ്എഫ്‌ഐ അറിയിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർഥികൾ ഇന്ന് മുതൽ നിരാഹാര സമരം ആരംഭിച്ചു. വൈസ് ചാൻസലർക്കെതിരെ അവതരിപ്പിച്ച ‘ലൈറ്റ് മരിച്ചു’ എന്ന നാടകം ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ വീണ്ടും അവതരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.ഓഗസ്റ്റ് 13ന് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെത്തുടർന്നാണ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തത്. രണ്ട് മാസം പിന്നിട്ടിട്ടും സസ്‌പെൻഷൻ പിൻവലിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *