മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ അക്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി എസ്‌ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.എസ്‌ഐടി തലവന്‍ യു പ്രേമനാണ് കണ്ണൂർ ജെഎഫ്സിഎം കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. കുറ്റപത്രത്തിലുള്ള ഒരു കുറ്റവും പ്രതിഷേധക്കാര്‍ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.കലാപ ശ്രമം, റെയില്‍വേ പരിസരത്ത് അതിക്രമിച്ചു കടക്കല്‍ എന്നീ വകുപ്പുകള്‍ നിലനില്‍ക്കില്ല, പോലീസിന്‍റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെട്ടിട്ടില്ല, കരിങ്കൊടി പ്രതിഷേധം കുറ്റകൃത്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടില്‍ പറയുന്നത്. ഇത് വ്യക്തമാക്കി ഡിജിപിക്ക് എസ്‌ഐടി നേരത്തെ റിപ്പോർട്ട് നല്‍കിയിരുന്നു.കെഎസ്‌യു പ്രവർത്തകർക്ക് വീണാ ജോർജിന്‍റെ അടുത്ത് എത്താൻ കഴിഞ്ഞിരുന്നില്ലെന്നും പ്രതിഷേധത്തെ പെരുപ്പിച്ചു കാട്ടിയെന്നുമാണ് റിപ്പോർട്ടില്‍ പറയുന്നത്. ആക്രമിച്ചന്ന കേസ് ഗണ്‍മാൻ മൊഴി മാറ്റിയതിനാല്‍ നിലനില്‍ക്കില്ല. കെഎസ്‌യു പ്രവർത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമാണ് ഉണ്ടായത്. അക്രമിച്ചെന്നു പറയുന്ന ആയുധങ്ങള്‍ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല എന്നും എസ്‌ഐടി ഡിജിപിക്ക് നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു.കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വീണാ ജോര്‍ജിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ ഗണ്‍മാന്‍ അഭിലാഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ആയുധമുപയോഗിച്ച് പ്രതിഷേധക്കാര്‍ മന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ തിരുത്തി. വീണയെ അക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്നായിരുന്നു എസ്‌ഐടിക്ക് നല്‍കിയ മൊഴി.
‘ഒരു കുറ്റവും ചെയ്തിട്ടില്ല’ വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസില്‍ എസ്‌ഐടി റിപ്പോര്‍ട്ട് കോടതിയില്‍
