കാലിഫോര്‍ണിയയിലെ 20,000 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണരുതെന്ന് ട്രംപ്; ഹര്‍ജി തള്ളി യുഎസ് സുപ്രീം കോടതി

20,000 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണരുതെന്ന ട്രംപിന്റെ ആവശ്യം തള്ളി യുഎസ് സുപ്രീം കോടതി. പോസ്റ്റല്‍ വോട്ട് ചെയ്ത 20,000 പേര്‍ അമേരിക്കന്‍ പൗരരല്ലെന്നാണ് ട്രംപിന്റെ വാദം.ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അടിയന്തര ആവശ്യം ഉന്നയിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ജഡ്ജിമാര്‍ അത് തള്ളുകയായിരുന്നു. ട്രംപിന്റെ വാദം ആയിരക്കണക്കിന് വോട്ടര്‍മാരെ ബാധിക്കുന്നതിനോടൊപ്പം തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ അനിശ്ചിതത്വം സൃഷ്ടിക്കാനും ഉതകുന്നതായിരുന്നു.ഇന്ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ നിയന്ത്രണം നിലനിര്‍ത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശ്രമിക്കുന്നതിനിടെയാണ് ട്രംപിന് മറ്റൊരു തിരിച്ചടി കൂടി ഉണ്ടാകുന്നത്. യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോര്‍ണിയ, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തമായ സ്വാധീനമുള്ള ഇടമാണ്. ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി, പൗരന്മാരല്ലാത്തവര്‍ വോട്ട് ചെയ്യുന്നുണ്ടെന്ന ആരോപണത്തിലാണ് ഭരണകൂടം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍, പൗരന്മാരല്ലാത്തവര്‍ ഉള്‍പ്പെടെ വോട്ട് ചെയ്യാന്‍ അര്‍ഹതയില്ലാത്തവര്‍ വോട്ട് ചെയ്യുന്ന സംഭവങ്ങള്‍ വളരെ അപൂര്‍വ്വമാണെന്ന് വിവിധ പഠനങ്ങളും സംസ്ഥാനതല പരിശോധനകളും വ്യക്തമാക്കുന്നുണ്ട്.പൗരന്മാരല്ലാത്തവര്‍ ഫെഡറല്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യുന്നത് കുറ്റകരമാക്കുന്ന 1996-ലെ യുഎസ് നിയമം നടപ്പിലാക്കുന്നത് കാലിഫോര്‍ണിയ നിയമവിരുദ്ധമായി തടയുന്നു എന്നാണ് ട്രംപിന്റെ ആരോപണം. ഇതില്‍ ഒക്ടോബര്‍ 15-ന് നീതിന്യായ വകുപ്പ് ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. സംസ്ഥാന നിയമങ്ങളെക്കാള്‍ ഫെഡറല്‍ നിയമങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് അനുശാസിക്കുന്ന ഭരണഘടനയിലെ ‘സുപ്രമസി ക്ലോസ്’ (Supremacy Clause) കാലിഫോര്‍ണിയയുടെ നടപടി ലംഘിക്കുന്നതായി വകുപ്പ് ചൂണ്ടിക്കാട്ടി. എന്നാല്‍ പൗരന്മാരല്ലാത്തവര്‍ വോട്ട് ചെയ്യുന്നത് തടയാന്‍ സംസ്ഥാനത്ത് ശക്തമായ സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് കാലിഫോര്‍ണിയ വ്യക്തമാക്കി. അവ്യക്തമായ ആരോപണങ്ങളുടെ പേരില്‍ 20,000 ആളുകളുടെ വോട്ടവകാശം കവര്‍ന്നെടുക്കാന്‍ ഈ കേസ് കാരണമാകുമെന്ന് അവര്‍ വാദിച്ചു. പൗരന്മാരല്ലാത്തവരെ കണ്ടെത്താനായി വോട്ടര്‍ പട്ടികകള്‍ പരിശോധിക്കുന്ന ഭരണകൂടത്തിന്റെ രീതി പിഴവുകള്‍ നിറഞ്ഞതും അബദ്ധങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതുമാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ കാലിഫോര്‍ണിയ ചൂണ്ടിക്കാട്ടി. യുഎസ് ജനപ്രതിനിധി സഭയില്‍ കാലിഫോര്‍ണിയയ്ക്ക് 52 സീറ്റുകളാണ് ഉള്ളത്. മറ്റേതൊരു സംസ്ഥാനത്തെക്കാളും കൂടുതലാണിത്. ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം നേടുന്നതിന് ഡെമോക്രാറ്റുകള്‍ക്ക് നാല് സീറ്റുകള്‍ കൂടി അധികമായി ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *