തെരുവുനായ വിഷയത്തില്‍ സുപ്രീംകോടതി വീണ്ടും നിലപാട് കടുപ്പിച്ചു. കോടതി നോട്ടീസിന് മറുപടി നല്‍കാത്ത കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നവംബർ 3-ന് നേരിട്ട് ഹാജരായേ മതിയാകൂ എന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതിയുടെ ഈ കർശന നിർദ്ദേശം. നോട്ടീസിന് മറുപടി നല്‍കാത്തതിനെതിരെ കോടതി രൂക്ഷമായ ഭാഷയില്‍ വിമർശിച്ചു. എന്തുകൊണ്ട് മറുപടി നല്‍കിയില്ലെന്ന് ചീഫ് സെക്രട്ടറിമാർ നേരിട്ട് വിശദീകരിക്കണമെന്ന് ജസ്റ്റിസ് വിക്രം നാഥ് വ്യക്തമാക്കി.”കോടതിയുടെ നോട്ടീസിന് മുകളില്‍ അവർ ഉറങ്ങുകയായിരുന്നു. എന്തുകൊണ്ട് നോട്ടീസ് നല്‍കിയില്ലെന്ന് അവർ തന്നെ വിശദീകരിക്കണം.” ചീഫ് സെക്രട്ടറിമാരെ ഓണ്‍ലൈനായി ഹാജരാകാൻ അനുവദിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം കോടതി തള്ളി.നായ്ക്കളെ പിടികൂടി ഷെല്‍ട്ടർ ഹോമുകളിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഉത്തരവിറക്കിയിരുന്നു. പിന്നീട് ഈ വിധിയില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തിയ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, എ.ബി.സി. (Animal Birth Control) ചട്ടങ്ങളുമായി ബന്ധപ്പെട്ട് ദേശീയ നയരൂപീകരണത്തില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും മറുപടി തേടിയിരുന്നു.തെലങ്കാന, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളും ഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷനും മാത്രമാണ് മറുപടി സമർപ്പിച്ചത്. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. തെരുവുനായ പ്രശ്നം ആവർത്തിക്കുന്നത് വിദേശരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ താഴ്ന്നുപോകാൻ കാരണമാകുകയാണെന്നും കോടതി നിരീക്ഷിച്ചു.നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ചില സംസ്ഥാനങ്ങളുടെ അഭിഭാഷകർ അറിയിച്ചപ്പോള്‍, “ഇത്രയേറെ ചർച്ചയായ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്ത സംഭവം നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടില്ലേ” എന്ന് കോടതി ചോദിച്ചു. ഈ കാര്യത്തില്‍ വീഴ്ചയുണ്ടായെന്ന് നിരീക്ഷിച്ചാണ് കോടതി കർശന നിലപാട് സ്വീകരിച്ചത്. നായ്ക്കള്‍ക്കെതിരായ ക്രൂരതയെക്കുറിച്ച് അഭിഭാഷകൻ പരാമർശിച്ചപ്പോള്‍, “മനുഷ്യരോടുള്ള ക്രൂരതയെക്കുറിച്ച് എന്താണ് പറയാനുള്ളത്” എന്ന് കോടതി ചോദിച്ചു. രാജ്യം നേരിടുന്ന ഈ വിഷയത്തില്‍ കോടതിയുടെ ഇടപെടല്‍ ഒരു പരിഹാരത്തിന് വഴിയൊരുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
തെരുവുനായ വിഷയത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് സുപ്രീംകോടതി; ‘കേരളം അടക്കം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരായേ മതിയാകൂ’
