ചെന്നൈ: ന്യായാധിപന്മാരെ വ്യക്തിപരമായി ലക്ഷ്യംവെച്ചുകൊണ്ടുള്ള പൊതുയോഗങ്ങൾക്ക് പോലീസ് യാതൊരു കാരണവശാലും അനുമതി നൽകരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ കർശന ഉത്തരവ്.
ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഈ നിർണായക വിധി പ്രസ്താവിച്ചത്. അനുമതി നൽകി നടത്തുന്ന പൊതുയോഗങ്ങൾ പോലീസ് കൃത്യമായി നിരീക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
പൊതുയോഗങ്ങളിൽ വെച്ച് ജഡ്ജിമാരെ അവഹേളിക്കുന്ന തരത്തിലോ അപകീർത്തിപ്പെടുത്തുന്ന തരത്തിലോ ഉള്ള പരാമർശങ്ങളുണ്ടായാൽ പരിപാടി ഉടനടി നിർത്തിവെപ്പിക്കണം. കൂടാതെ, ഇതിന് മുതിരുന്ന സംഘടകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പോലീസ് അധികാരികളോട് കോടതി ആവശ്യപ്പെട്ടു.
ചെന്നൈ സ്വദേശിയായ കാർത്തികേയൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പ്രസ്താവന. ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനെതിരെ വിവിധ സംഘടനകൾ സംഘടിപ്പിച്ച പൊതുയോഗങ്ങളിൽ ഉയർന്ന അധിക്ഷേപകരമായ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് കാർത്തികേയൻ കോടതിയെ സമീപിച്ചത്.
