ഡിജിറ്റൽ ഡാറ്റ സംരക്ഷണ നിയമത്തെ ചോദ്യം ചെയ്ത് ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (ഡിഎൻപിഎ) നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഡിഎൻപിഎയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മാധവി ദിവാന്റെ വാദം കേട്ട ശേഷം നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്.മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയ ശതകോടീശ്വരന്മാരുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ ഉൾപ്പെടെ 21 പ്രമുഖ ഡിജിറ്റൽ മാധ്യമപ്രസാധകരുടെ കൂട്ടായ്മയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അംബാനിയുടെ നെറ്റ്വർക്ക് 18 (ഏഴ് ഡിജിറ്റൽ ന്യൂസ് പ്ലാറ്റ്ഫോമുകൾ), അദാനിയുടെ എൻ.ഡി.ടി.വി, ഡിജിറ്റൽ പതിപ്പുകളുള്ള ഇന്ത്യൻ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഭാഗമായ ടൈംസ് ഇന്റർനെറ്റ് എന്നിവ ഉൾപ്പെടെ 21 പ്രമുഖ മാധ്യമ സ്ഥാപനങ്ങളാണ് ഡി.എൻ.പി.എയിലെ അംഗങ്ങൾ. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യത്തെയും അടിസ്ഥാന വിവരവകാശത്തെയും പുതിയ നിയമനിർമ്മാണം ലംഘിക്കുന്നുവെന്ന് ഡിഎൻപിഎ ഹർജിയിൽ വ്യക്തമാക്കി. ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ (ഡിപിഡിപി) ആക്റ്റ്, അതിലെ ചട്ടങ്ങൾ എന്നിവ അന്വേഷണാത്മക പത്രപ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്നും മാധ്യമപ്രവർത്തകരുടെ രഹസ്യ വിവരസ്രോതസ്സുകളുടെ സുരക്ഷിതത്വത്തെ ബാധിക്കുമെന്നും പബ്ലിഷേഴ്സ് അസോസിയേഷൻ വാദിച്ചു. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ഹർജി നവംബർ 17-ലേക്ക് മാറ്റി.വിദേശ രാജ്യങ്ങളിലേതുപോലെ മാധ്യമപ്രവർത്തകർക്ക് പ്രത്യേക ഇളവുകൾ നൽകാൻ നിയമം തയ്യാറായിട്ടില്ല. ഇത് അന്വേഷണാത്മക പത്രപ്രവർത്തനത്തെ നിഷ്ക്രിയമാക്കുമെന്നും മുൻകൂർ സെൻസർഷിപ്പിന് തുല്യമാണെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. മാധ്യമ സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമുള്ള വിവരങ്ങൾ വിട്ടുനൽകാൻ ഉത്തരവിടാൻ സർക്കാരിന് അധികാരം നൽകുന്ന വകുപ്പ് മാധ്യമപ്രവർത്തകരുടെ സ്രോതസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോരാൻ ഇടയാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.വാർത്തകൾ നൽകുന്നതിന് മുമ്പ് ബന്ധപ്പെട്ട വ്യക്തികളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം എന്ന വ്യവസ്ഥ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും വഴിവെക്കുമെന്നതാണ് മറ്റൊരു പ്രധാന വാദം. നൽകിയ അനുമതി ഏത് സമയത്തും പിൻവലിക്കാൻ വ്യക്തികൾക്ക് അധികാരമുള്ളത് പ്രസിദ്ധീകരിച്ച സത്യസന്ധമായ വാർത്തകൾ നീക്കം ചെയ്യാൻ മാധ്യമങ്ങളെ നിർബന്ധിതരാക്കുമെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഡിജിറ്റൽ ഡാറ്റ സംരക്ഷണ നിയമത്തിനെതിരെ മാധ്യമക്കൂട്ടായ്മ; കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
