പി എസ് സി പരീക്ഷാക്രമക്കേട്; സത്യം എന്നായാലും പുറത്തുവരുമെന്ന് ഹൈക്കോടതി

കൊച്ചി| പി എസ് സി പരീക്ഷാക്രമക്കേടിലെ സത്യം എന്നായാലും പുറത്തുവരുമെന്ന് ഹൈക്കോടതി. എന്തൊക്കെ സൂത്രം കാണിച്ചാലും സത്യം തെളിയുമെന്ന് പിഎസ്സിയുടെ ഹരജി പരിഗണിക്കവേ കോടതി പറഞ്ഞു. സത്യം മൂടിവെക്കാന്‍ നിങ്ങള്‍ എത്ര ശ്രമിച്ചാലും കഴിയില്ലെന്നും അത് എന്നായാലും പുറത്തുവരുമെന്നും കോടതി വ്യക്തമാക്കി.പി എസ് സി തന്നെ കുറ്റക്കാര്‍ക്കെതിരെ നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എഫ്‌ഐആര്‍ റദ്ദ് ചെയ്യണമെന്ന ആവശ്യം നിയമപരമായി നിലനില്‍ക്കില്ലെന്നും ഡിജിപി ടി ആസഫലി പറഞ്ഞു.  എഫ്‌ഐആര്‍ റദ്ദാക്കണമെന്ന പി എസ് സിയുടെ ഹരജിയില്‍ അടുത്ത തിങ്കളാഴ്ച വിശദവാദം കേള്‍ക്കും.

എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി എസ് സി നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ തന്നെ പിഎസ്സിക്കെതിരെ കടുത്ത ഭാഷയില്‍ കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. അന്വേഷണവുമായി പി എസ് സി ഒരു തരത്തിലും സഹകരിക്കുന്നില്ലെന്നായിരുന്നു സര്‍ക്കാരിന്റെ പരാതി.അന്വേഷണത്തോട് എന്തുകൊണ്ട് സഹകരിക്കുന്നില്ലെന്ന് കോടതി പി എസ് സിയോട് ചോദിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തോട് സഹകരിക്കാനും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നുമായിരുന്നു പി എസ് സി ആവശ്യപ്പെട്ടത്. അതേ ഹരജിയാണ് ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നത്.പി എസ് സിയുടെ ഹരജി നിലനില്‍ക്കില്ലെന്നും ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേര്‍ക്കെതിരെ നടപടി സ്വീകരിച്ചുകഴിഞ്ഞെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. തെറ്റുപറ്റിയെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക് ഹരജി നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.തുടര്‍ന്നാണ് ചില സിനിമാക്കഥകള്‍ സൂചിപ്പിച്ചുകൊണ്ട് സത്യം എന്നായാലും പുറത്തുവരുമെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കിയത്. നിങ്ങള്‍ രണ്ട് കൂട്ടരും എന്ത് കളി കളിച്ചാലും തനിക്കെല്ലാം മനസിലാകുന്നുണ്ടെന്നും അദ്ദേഹം കഥകളിലൂടെ പറഞ്ഞുവെയ്ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *