വിവാഹമോചനകേസില്‍ ഭാര്യയ്ക്ക് ഭര്‍ത്താവിനേക്കാള്‍ വരുമാനമുണ്ടെങ്കില്‍ ജീവനാംശം നല്‍കേണ്ടതില്ല: കര്‍ണാടക ഹൈക്കോടതി

ഭാര്യയ്ക്ക് ഭർത്താവിനേക്കാള്‍ കൂടുതല്‍ വരുമാനമുണ്ടെങ്കില്‍ ജീവനാംശം നല്‍കാൻ ഉത്തരവിടരുതെന്ന് കർണാടക ഹൈക്കോടതി.ഭാര്യയെ സംരക്ഷിക്കേണ്ടത് ഭർത്താവിന്റെ മാത്രം ഉത്തരവാദിത്തമാണെന്ന ഏകപക്ഷീയമായ കാഴ്ചപ്പാടില്‍ കോടതികള്‍ ജീവനാംശം അനുവദിക്കരുതെന്ന് ജസ്റ്റിസ് ഡോ. ചില്ലാകൂർ സുമലതയുടെ ഉത്തരവ് വ്യക്തമാക്കുന്നു.ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് മൈസൂരുവിലെ വിചാരണ കോടതി, 60,646 രൂപ ശമ്പളമുള്ള ഭർത്താവ് തന്റെ ഭാര്യയ്ക്ക് പ്രതിമാസം 20,000 രൂപ വീതം ഇടക്കാല ജീവനാംശം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഭർത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഭാര്യയുടെ പ്രതിമാസ വരുമാനം ഒരു ലക്ഷം രൂപയാണെന്നും ഇത് ഭർത്താവിന്റേതിനേക്കാള്‍ കൂടുതലാണെന്നും കോടതി കണ്ടെത്തി. കുട്ടികളുടെ സംരക്ഷണമോ മറ്റ് സാമ്പത്തിക ബാധ്യതകളോ ഭാര്യയ്ക്കില്ലാത്ത സാഹചര്യത്തില്‍, സ്വന്തമായി ജീവിക്കാൻ പര്യാപ്തമായ വരുമാനമുള്ള സ്ത്രീക്ക് ജീവനാംശം നല്‍കാൻ ഭർത്താവിനെ നിർബന്ധിക്കുന്നത് നീതിരഹിതമാണെന്ന് കോടതി നിരീക്ഷിച്ചു.ഭർത്താവിന്റെ വരുമാനത്തെക്കാള്‍ സാമ്പത്തികമായി ഭദ്രതയുള്ള ഭാര്യയ്ക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് വിലയിരുത്തിയാണ് കോടതി വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *