പൂജയുടെ മറവില്‍ ലൈംഗികാതിക്രമം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധന് 43 വര്‍ഷം തടവും പിഴയും

പേടിമാറ്റുന്നതിന് പൂജയെന്ന പേരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വ്യാജസിദ്ധന് മൂവാറ്റുപുഴ പോക്സോ കോടതി 43 വർഷം തടവും രണ്ടേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷിച്ചു.മൂവാറ്റുപുഴ സൗത്ത് മാറാടി പാറയില്‍ അമീറി (42) നെയാണ് മൂവാറ്റുപുഴ ജില്ലാ സ്പെഷ്യല്‍ ജഡ്ജ് എ. സമീർ ശിക്ഷിച്ചത്.പുത്തൻകുരിശ് പോലീസ് സ്റ്റേഷനില്‍ 2023-ല്‍ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. കോലഞ്ചേരി കടമറ്റത്ത് വ്യാജപ്പേരില്‍ സിദ്ധനായി നടിച്ച്‌ ജ്യോതിഷാലയം നടത്തി വരുകയായിരുന്നു പ്രതി. പേടി മാറ്റുന്നതിനായി പൂജയ്ക്ക് പ്രായപൂർത്തിയാകാത്ത കുട്ടിയെ രക്ഷിതാക്കള്‍ ജ്യോതിഷാലയത്തില്‍ കൊണ്ടുവന്നു. പൂജയുടെ മറവില്‍ പ്രതി കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.പരാതിയേത്തുടർന്ന് പുത്തൻകുരിശ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിനിടെ ഒളിവില്‍ പോയ പ്രതിയെ പോലീസ് കാറില്‍ പിന്തുടർന്ന് അറസ്റ്റ് ചെയ്തു. വാടകയ്ക്കെടുത്ത കെട്ടിടത്തില്‍ പ്രവർത്തിച്ചുവന്ന ജ്യോതിഷാലയത്തില്‍ നിന്നും വിഗ്രഹങ്ങളും പണവും കണ്ടെത്തി. പുത്തൻകുരിശ് ഇൻസ്പെക്ടർ ആയിരുന്ന ടി. ദിലീഷാണ് കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി. കെ. സജീവ്, മനോജ് കുമാർ, ബിജു ജോണ്‍, എ.എസ്.ഐ.മാരായ ചന്ദ്രബോസ്, ജിഷാ മാധവൻ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *