സർക്കാരിന് സമൂഹമാധ്യമ പോസ്റ്റുകൾ നീക്കാം; അക്കൗണ്ട് പൂർണമായി ബ്ലോക്ക് ചെയ്യാനാവില്ലെന്ന് ഹൈക്കോടതി

പൊതുതാൽപര്യത്തിന് വിരുദ്ധമായ സമൂഹമാധ്യമ പോസ്റ്റുകൾ നീക്കാൻ സർക്കാരിന് അധികാരം ഉണ്ടെങ്കിലും അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നത് അധികാരപരിധി മറികടക്കുന്ന നടപടിയെന്ന് ഹൈക്കോടതി. പൊലീസിന്‍റെ റിപ്പോർട്ടിനെതുടർന്ന് ബ്ലോക്ക് ചെയ്ത ഫെയ്സ്ബുക്ക് അക്കൗണ്ട് പുനസ്ഥാപിക്കാൻ നിർദേശം നൽകിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിവാദ പോസ്റ്റുകൾ മാത്രം നീക്കി അക്കൗണ്ട് ഉടൻ പുനസ്ഥാപിക്കാനാണ് മെറ്റയ്ക്ക് നിർദേശം. മാധ്യമപ്രവർത്തകൻ എൻ.മാധവൻകുട്ടിയുടെ ഹർജിയിലാണ് നടപടി. ഹർജിക്കാരൻ അപ്‌ലോഡ് ചെയ്ത ചില പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ നടപടി സ്വീകരിച്ചതെന്നായിരുന്നു സർക്കാർ വിശദീകരിച്ചത്. എന്നാൽ രേഖകൾ പരിശോധിച്ച കോടതി, ചില പോസ്റ്റുകളെച്ചൊല്ലിയുള്ള എതിർപ്പിന്‍റെ പേരിൽ മുഴുവൻ അക്കൗണ്ടും ബ്ലോക്ക് ചെയ്തത് നിയമപരമായ അധികാരപരിധി മറികടക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. രാജ്യസുരക്ഷയെയോ പൊതുതാൽപര്യത്തെയോ ബാധിക്കുന്ന ഉള്ളടക്കം ഉണ്ടെങ്കിൽ അത്തരം പോസ്റ്റുകൾ നീക്കം ചെയ്യാൻ നിർദേശം നൽകാൻ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.എതിർപ്പുള്ള പോസ്റ്റുകളുടെ കൃത്യമായ വിവരങ്ങളും അവയുടെ ലിങ്കുകളും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ മെറ്റയുടെ ഗ്രീവൻസ് ഓഫീസർക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ആ പോസ്റ്റുകൾ മാത്രം നീക്കം ചെയ്യുകയോ, പൊതുജനങ്ങൾക്ക് ലഭ്യമാകാതാക്കുകയോ ചെയ്യാം. അതേസമയം ഹർജിക്കാരനെ അക്കൗണ്ട് സാധാരണ പോലെ ഉപയോഗിക്കാൻ അനുവദിക്കണമെന്നും കോടതി നിർദേശിച്ചു. ഹർജിക്കാരന്‍റെ അക്കൗണ്ട് 2025 നവംബർ മുതൽ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും, ചട്ടങ്ങൾ പ്രകാരം ഓൺലൈൻ ഉള്ളടക്കവുമായി ബന്ധപ്പെട്ട രേഖകൾ ആറുമാസമേ സൂക്ഷിക്കേണ്ട ബാധ്യതയുള്ളുവെന്നും മെറ്റ അറിയിച്ചു. എന്നാൽ ഇന്ത്യയിൽ മാത്രമാണ് അക്കൗണ്ടിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുന്നതെന്നും, വിദേശത്ത് അക്കൗണ്ട് ലഭ്യമാകുന്നതിനാൽ വിവരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും എൻ.മാധവൻകുട്ടി അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അക്കൗണ്ട് പുനസ്ഥാപിക്കാൻ കോടതി ഇടക്കാല ഉത്തരവിട്ടത്. എതിർപ്പുള്ളതായി പിന്നീട് കണ്ടെത്തുന്ന പോസ്റ്റുകളുടെ വിവരങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മെറ്റയ്ക്ക് കൈമാറിയാൽ, അക്കൗണ്ടിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്താതെ ആ പോസ്റ്റുകൾ മാത്രം നീക്കം ചെയ്യുകയോ, ആക്സസ് തടയുകയോ ചെയ്യണമെന്നും കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *