യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; അഞ്ച് ഗണ്‍മാന്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്

മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ് യാത്രക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പ്രതികളായ അഞ്ച് ഗണ്‍മാന്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്. ഗണ്‍മാന്‍മാരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് ഉത്തരവ്. രണ്ട് ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. നോട്ടീസില്‍ ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണമുണ്ടങ്കിൽ അക്കാര്യം പോലീസുകാര്‍ അറിയിക്കണമെന്ന് കോടതി പറഞ്ഞു. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും.മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലെ ഗണ്‍മാന്‍മാര്‍ ആയിരുന്ന അനില്‍ കല്ലിയൂരും സന്ദീപും അടക്കമുള്ള അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആലപ്പുഴ സെഷന്‍സ് ജഡ്ജി ഹണി.എം വര്‍ഗീസ് ഒരാഴ്ച മുമ്പാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പൊലീസുകാര്‍ക്കെതിരെ വൈകി നരഹത്യാകുറ്റം ചുമത്തിയതില്‍ അസ്വാഭാവികത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആലപ്പുഴ കോടതി ജാമ്യം അനുവദിച്ചത്. മര്‍ദ്ദനം മരണകാരണമായേക്കാമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നരഹത്യാ കുറ്റം ചുമത്തിയത്. മുഖ്യമന്ത്രിക്ക് സുരക്ഷാ ഭീഷണിയുണ്ടായിരുന്നെന്നും ഔദ്യോഗിക കൃത്യനിര്‍വഹണമാണ് തങ്ങൾ നടത്തിയതെന്നുമാണ് ഗണ്‍മാന്‍മാരുടെ വാദം.കേസിൽ പുനരന്വേഷണം വേണമെന്ന കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ എസ്ഐടി രൂപീകരിച്ച് അന്വേഷണത്തിന് തുടക്കമിട്ടത്. ഗൺമാൻമാരുടെ മർദ്ദനത്തെ രക്ഷാപ്രവർത്തനം എന്നാണ് അന്ന് പിണറായി വിജയൻ പരാമർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *