കണ്ണമ്മൂല വിഷ്ണു വധക്കേസ്: ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

തലസ്ഥാന നഗരിയെ ഒന്നാകെ ഞെട്ടിച്ച കണ്ണമ്മൂല വിഷ്ണു വധക്കേസില്‍ പ്രതികളായ ഏഴ് പേർക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ച്‌ കോടതി.നെടുമങ്ങാട് എസ് സി- എസ് ടി പ്രത്യേക കോടതി ജഡ്ജി ഷാജഹാനാണ് നാടിനെ നടുക്കിയ കൊലപാതക കേസില്‍ നിർണ്ണായക വിധി പ്രഖ്യാപിച്ചത്.കേസില്‍ ആകെ 12 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒന്നുമുതല്‍ ഏഴ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും അവർക്ക് ശിക്ഷ വിധിക്കുകയുമായിരുന്നു.ഒന്നാം പ്രതിയും കണ്ണമ്മൂല പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടാനേതാവുമായ പരട്ട എന്ന് വിളിപ്പേരുള്ള അരുണ്‍, രണ്ടാം പ്രതി ലല്ലു, മൂന്നാം പ്രതി പൂച്ച രാജേഷ് എന്ന് വിളിക്കുന്ന രാജേഷ്, നാലാം പ്രതി സഞ്ജു എന്നറിയപ്പെടുന്ന സനല്‍കുമാർ, അഞ്ചാം പ്രതി ബോള്‍ജി എന്ന് വിളിക്കുന്ന ശ്രീനാഥ്, ആറാം പ്രതി വിഷ്ണു എന്ന് വിളിപ്പേരുള്ള വിജീഷ്, ഏഴാം പ്രതി ഷേട്ടി മനു എന്നറിയപ്പെടുന്ന മനു എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അതേസമയം, കേസിലെ എട്ടാം പ്രതി ഡിനി ബാബു, ഒൻപതാം പ്രതി ജയൻ, പത്താം പ്രതി അജീഷ്, പതിനൊന്നാം പ്രതി ഉണ്ണികൃഷ്ണൻ, പന്ത്രണ്ടാം പ്രതി ദിലീപ് എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു.പത്തു വർഷം മുൻപ്, 2016 ഒക്ടോബർ 7-നാണ് തിരുവനന്തപുരം നഗരത്തെ ഭീതിയിലാഴ്ത്തിയ ഈ ദാരുണ കൊലപാതകം അരങ്ങേറുന്നത്. വൈകിട്ട് ആറുമണിയോടെ നാട്ടുകാർ നോക്കിനില്‍ക്കെ അക്രമികളുടെ ഒരു സംഘം സായുധരായി സംഘടിച്ചെത്തുകയും, വെറും 18 വയസ്സു മാത്രം പ്രായമുള്ള വിഷ്ണുവിനെ സ്വന്തം മാതാപിതാക്കളുടെ മുന്നിലിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ആക്രമണത്തില്‍ വിഷ്ണുവിന്റെ അച്ഛൻ ജോസ് എന്ന് വിളിക്കുന്ന അനില്‍കുമാർ, അമ്മ ബിന്ദു കുമാരി, അച്ഛന്റെ സഹോദരി ലൈല എന്നിവർക്കും മാരകമായി പരിക്കേറ്റിരുന്നു.കേസിലെ എട്ടാം പ്രതിയും പ്രമുഖ ഗുണ്ടാനേതാവുമായ ഡിനി ബാബുവിന്റെ സഹോദരൻ സുനി ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി അനില്‍കുമാറിനും കുടുംബത്തിനും ഉണ്ടായിരുന്ന അടുപ്പമാണ് ഈ അരുംകൊലയിലേക്ക് നയിച്ച പകയ്ക്ക് കാരണം.മഴു, വെട്ടുകത്തി, വാള്‍, ഇരുമ്പ് കമ്പി തുടങ്ങിയ മാരകായുധങ്ങളുമായാണ് പ്രതികള്‍ ആക്രമണം അഴിച്ചുവിട്ടത്. അക്രമികളുടെ ദയയില്ലാത്ത വെട്ടേറ്റ് കുടല്‍മാല പുറത്തുചാടിയ വിഷ്ണുവിനെ സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു പെട്ടിഓട്ടോയില്‍ ഉടൻ തന്നെ തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലും പേട്ട പോലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത ഈ കേസ് സർക്കിള്‍ ഇൻസ്പെക്ടറാണ് ആദ്യം അന്വേഷിച്ചത്.തുടർന്ന്, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ ഷാനിഹാൻ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ ആദ്യം ചുമത്തിയ വകുപ്പുകള്‍ക്ക് പുറമേ പട്ടികജാതി – പട്ടികവർഗ്ഗ അതിക്രമം തടയല്‍ നിയമം (SC/ST Act) കൂടി ചുമത്തിയാണ് അദ്ദേഹം കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്.തുടർന്ന് കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി സർക്കാർ സാജൻ പ്രസാദിനെ നിയമിച്ചു.കോടതിയില്‍ വിചാരണ ആരംഭിച്ചുവെങ്കിലും, ആദ്യ കുറ്റപത്രത്തില്‍ സംഭവിച്ചിട്ടുള്ള ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടർ സാജൻ പ്രസാദ് വിചാരണ നിർത്തിവെക്കാൻ കോടതിയോട് ആവശ്യപ്പെട്ടു.അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കേസിന്റെ തുടരന്വേഷണം തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ (DCRB) അസിസ്റ്റന്റ് കമ്മീഷണർ ജെ.കെ.ദിനിലിന് കൈമാറുകയായിരുന്നു.ആദ്യ അന്വേഷണത്തിലെ വീഴ്ചകള്‍ പൂർണ്ണമായും പരിഹരിച്ച്‌, പുതിയതായി ഇന്ത്യൻ ശിക്ഷാനിയമത്തിലെ 109, 209(ബി), 506 എന്നീ വകുപ്പുകള്‍ കൂടി കൂട്ടിച്ചേർത്ത് ജെ.കെ.ദിനില്‍ കോടതിയില്‍ പുതിയ കുറ്റപത്രം സമർപ്പിച്ചു.ഈ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിചാരണ പൂർത്തിയായി വിധി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *