ബെംഗളൂരു∙ ഭാര്യയ്ക്കുനേരെയുള്ള അതിക്രമത്തിന്റെ പേരിൽ ഭർത്താവിന്റെ പെൺസുഹൃത്തിനെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഭർത്താവിൽനിന്നോ അയാളുടെ ബന്ധുക്കളിൽനിന്നോ ഭാര്യ നേരിടുന്ന അതിക്രമത്തിന് പ്രതികൾക്ക് പരമാവധി മൂന്നുവർഷം തടവോ പിഴയോ നൽകാമെന്ന ബിഎൻഎസ് 85ാം സെക്ഷൻ ഭർത്താവിന്റെ പെൺസുഹൃത്തിന്റെ കാര്യത്തിൽ ബാധകമല്ലെന്ന് ജസ്റ്റിസ് എം.നാഗപ്രസന്ന പറഞ്ഞു. പെൺസുഹൃത്തിനെ ഭർത്താവിന്റെ ബന്ധുവായി കണക്കാക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഡെച്ചമ്മ കൗശിക് കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിരീക്ഷണം.ആൺസുഹൃത്ത് ഭാര്യയെ അതിക്രമത്തിനിരയാക്കിയതിന്റെ പേരിൽ തനിക്കെതിരെയും ക്രിമിനൽ കേസ് ചുമത്തിയ വിചാരണക്കോടതി നടപടിക്കെതിരെ യുവതി സമർപ്പിച്ച ഹർജിയിലാണ് കർണാടക ഹൈക്കോടതിയുടെ നടപടി. വിവാഹിതനായ പുരുഷന്റെ കാമുകിയെയോ മറ്റ് പെൺസുഹൃത്തുക്കളെയോ ബന്ധുക്കളായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. അതുകൊണ്ടുതന്നെ അവർക്കെതിരെ ബിഎൻഎസ് 85ാം വകുപ്പ് ചുമത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഭാര്യയ്ക്കെതിരായ അതിക്രമം: ഭർത്താവിന്റെ പെൺസുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി
