‘കശ്മീരിൽ ആകാമെങ്കിൽ തമിഴ്‌നാട്ടിൽ എന്തുകൊണ്ട് പാടില്ല’; ആർഎസ്എസ് റൂട്ട് മാർച്ച് തടഞ്ഞതിൽ മദ്രാസ് ഹൈക്കോടതി

ചെന്നൈ: സംസ്ഥാനത്ത് ആര് അധികാരത്തിലിരുന്നാലും ആർഎസ്എസിന്റെ വാർഷിക റൂട്ട് മാർച്ചിന് അനുമതി നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് മദ്രാസ് ഹൈക്കോടതി. ജമ്മു കശ്മീരിൽ ആർഎസ്എസ് റാലികൾക്കും മാർച്ചുകൾക്കും അനുമതി നൽകാമെങ്കിൽ എന്തുകൊണ്ട് തമിഴ്നാട്ടിൽ നൽകിക്കൂടായെന്ന് ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ ചോദിച്ചു.റൂട്ട് മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചതിനെതിരെ ആർഎസ്എസ് ഉത്തര തമിഴ്നാട് സെക്രട്ടറി വി.ജി ജഗദീശൻ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷവിമർശനം. ഒക്ടോബർ 18, 25, നവംബർ ഒന്ന് തീയതികളിലായി ബാന്റ് മേളത്തിന്റെ അകമ്പടിയോടെ പൂർണഗണവേഷത്തിൽ റൂട്ട് മാർച്ച് നടത്താനും തുടർന്ന് പൊതുസമ്മേളനം സംഘടിപ്പിക്കാനുമായിരുന്നു ആർഎസ്എസ് അനുമതി തേടിയത്.

നിങ്ങൾക്ക് എന്താണ് ഭയം? എല്ലാ വർഷവും അവർ അനുമതിക്കായി കോടതിയെ സമീപിക്കുന്നു, കോടതി അത് അനുവദിക്കുകയും ചെയ്യുന്നു. 2026-ൽ എന്ത് അസാധാരണ സാഹചര്യമാണുള്ളത്? ഇതുവരെ നടന്ന അവരുടെ മാർച്ചുകളിൽ എവിടെയെങ്കിലും അക്രമമുണ്ടായിട്ടുണ്ടോ?”- ഹൈക്കോടതി ചോദിച്ചു. മാറിമാറി വരുന്ന സർക്കാരുകൾ ഇത്തരം അപേക്ഷകൾ തള്ളിക്കളയുകയാണെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി, സർക്കാർ പൗരന്മാരെ ശത്രുക്കളായാണ് കാണുന്നതെന്നും ഇത്തരം സമീപനത്തിൽ എന്തുചെയ്യാനാകുമെന്നും വാക്കാൽ പരാമർശിച്ചു.ഘോഷയാത്രകൾക്ക് അനുമതി തേടി ആവർത്തിച്ച് കോടതിയെ സമീപിക്കേണ്ടി വരുന്ന സാഹചര്യത്തെ ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ ചോദ്യം ചെയ്തു. പ്രകടനങ്ങൾ പൂർണമായി തടയാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ ആർക്കും റാലിയോ മാർച്ചോ നടത്താൻ അവകാശമില്ലെന്ന് കാണിച്ച് നിയമനിർമാണം നടത്താനും കോടതി നിർദേശിച്ചു.

റൂട്ട് മാർച്ചിനായി നിർദേശിച്ച വഴികൾ അനുയോജ്യമല്ലെന്നും ദീപാവലി, നവരാത്രി ഉത്സവ സീസണിൽ മാർച്ച് അനുവദിക്കുന്നത് ജനങ്ങൾക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുമെന്നും സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ വിജയ് നാരായൺ വാദിച്ചു. മറ്റു സുരക്ഷാ ചുമതലകൾ നിലനിൽക്കെ റൂട്ട് മാർച്ചിനായി വലിയ തോതിൽ പൊലീസിനെ വിന്യസിക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എന്നാൽ, 1925-ൽ രൂപീകരിച്ചത് മുതൽ ആർഎസ്എസ് വാർഷിക റൂട്ട് മാർച്ച് നടത്തുന്നുണ്ടെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എൻ.എൽ. രാജ കോടതിയിൽ വാദിച്ചു. പ്രകടനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കർശനമായ വ്യവസ്ഥകളല്ലെന്നും അപേക്ഷകൾ നേരിട്ട് തള്ളുന്നതിന് പകരം പൊലീസ് സംഘാടകരിൽ നിന്ന് വിശദീകരണം തേടുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റൂട്ട് കടന്നുപോകുന്ന വഴിയിൽ പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുന്ന പൊലീസ് നടപടി തമിഴ്നാട്ടിലെ സാമുദായിക സൗഹാർദത്തെ ബാധിക്കുന്നതാണെന്നും ഹരജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. ഒരു റൂട്ടിൽ ആരാധനാലയങ്ങൾ ഉണ്ടെന്ന കാരണം കൊണ്ടുമാത്രം പ്രകടനങ്ങൾക്ക് അനുമതി നിഷേധിക്കാനാകില്ലെന്ന് കോടതിയും വ്യക്തമാക്കി.റൂട്ട് മാർച്ചിന്റെ തീയതികൾ, സമയം, റൂട്ടുകൾ എന്നിവ ചർച്ച ചെയ്യുന്നതിനായി സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ ആർ. ജോൺ സത്യനുമായി കൂടിക്കാഴ്ച നടത്താൻ ഹരജിക്കാരന്റെ അഭിഭാഷകന് കോടതി നിർദേശം നൽകി. ചർച്ചയിലെ വിവരങ്ങൾ ഒക്ടോബർ 15-ന് കോടതിയെ അറിയിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *