മലബാര്‍ മില്‍മ ഭരണ സമിതി പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി റദ്ദാക്കി ഹൈക്കോടതി

മലബാർ മില്‍മ യൂണിയന്‍റെ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ പിരിച്ചുവിട്ട ക്ഷീര വികസന വകുപ്പ് നടപടി ഹൈക്കോടതി റദ്ദാക്കി.നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പിരിച്ചുവിടല്‍ നടന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്.അന്വേഷണ സംഘത്തിന് തെളിവുകളും രേഖകളും ശേഖരിക്കാൻ 10 ദിവസം കൂടി അനുവദിച്ച കോടതി, ഇതിന് ശേഷം ഈ മാസം 24നകം ഭരണ സമിതി പുനഃസ്ഥാപിക്കണമെന്ന് നിർദേശിച്ചു. ഭരണ സമിതി പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് ചെയർമാൻ കെ എസ് മണി അടക്കമുള്ളവർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടല്‍.ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി, ആവശ്യമായാല്‍ നിയമാനുസൃത നടപടികള്‍ സ്വീകരിച്ച്‌ പുതിയ ഉത്തരവ് പുറപ്പെടുവിക്കണം. അതുവരെ പുനഃസ്ഥാപിക്കപ്പെടുന്ന ഭരണ സമിതിക്ക് ദൈനംദിന ഭരണകാര്യങ്ങള്‍ മാത്രമേ നിർവഹിക്കാനാകൂ. നയപരമായ തീരുമാനങ്ങള്‍ എടുക്കാൻ പാടില്ല. എന്നാല്‍ ഒരു മാസത്തിനകം പുതിയ ഉത്തരവ് ഉണ്ടായില്ലെങ്കില്‍ ഭരണ സമിതിക്ക് നയപരമായ തീരുമാനങ്ങള്‍ എടുക്കാമെന്നും കോടതി വ്യക്തമാക്കി.സാമ്പത്തിക ക്രമക്കേടുകളും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാണിച്ചാണ് സർക്കാർ ഭരണ സമിതിയെ പിരിച്ചുവിട്ടത്. രേഖകളില്‍ കൃത്രിമം നടത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുള്ളതിനാല്‍ മുൻകൂർ നോട്ടീസ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഒഴിവാക്കി എന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. എന്നാല്‍ ഈ വാദം ഹൈക്കോടതി അംഗീകരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *