അബൂദബിയിലെ ഹോട്ടലില്‍ സംഘർഷമുണ്ടാക്കിയ കേസില്‍ കടുത്ത നിയമനടപടികളുമായി ക്രിമിനല്‍ കോടതി. സംഘർഷത്തില്‍ നേരിട്ട് പങ്കെടുത്ത ആറുപേർക്കും, ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തി പ്രചരിപ്പിച്ച രണ്ടുപേർക്കും ഉള്‍പ്പെടെ എട്ടുപേർക്ക് ആറുമാസം വീതം തടവുശിക്ഷ വിധിച്ചു.കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്ക് അമ്പതിനായിരം ദിർഹം വീതം പിഴയും ചുമത്തിയിട്ടുണ്ട്. പ്രതികളെ അറസ്റ്റുചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് കോടിതിവിധി.വെള്ളിയാഴ്ചയാണ് അബൂദബി ക്രിമിനല്‍ കോടതി കേസിലെ പത്ത് പ്രതികളെയും കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പൊതുസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുകയും ജനങ്ങളില്‍ പരിഭ്രാന്തി പരത്തുകയും ചെയ്ത കുറ്റത്തിനാണ് സംഘർഷത്തില്‍ ഉള്‍പ്പെട്ട ആറുപേർക്ക് ആറുമാസം തടവും മൂന്ന് ലക്ഷം ദിർഹം പിഴയും വിധിച്ചത്. മറ്റു രണ്ടുപേർക്ക് പൊതുസമാധാനം തകർത്തതിനും ആക്രമണം നടത്തിയതിനും 50,000 ദിർഹം വീതമാണ് പിഴ ചുമത്തിയതെന്ന് അബൂദബി ജുഡീഷ്യല്‍ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. വിവരസാങ്കേതിക വിദ്യ ദുരുപയോഗം ചെയ്ത് സംഘർഷത്തിന്റെ ദൃശ്യങ്ങള്‍ പകർത്തുകയും പ്രചരിപ്പിക്കുകയും വഴി സ്വകാര്യത ലംഘിച്ചതിനാണ് ഒൻപതും പത്തും പ്രതികള്‍ക്ക് ആറുമാസം തടവും മൂന്ന് ലക്ഷം ദിർഹം പിഴയും ലഭിച്ചത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടാനും ദൃശ്യങ്ങള്‍ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു. തടവുശിക്ഷ പൂർത്തിയാക്കിയ ശേഷം എട്ടുപേരെയും രാജ്യത്തുനിന്ന് നാടുകടത്താനും കോടതി വിധിച്ചിട്ടുണ്ട്. അതേസമയം, യു.എഫ്.സി താരങ്ങളായ മെറാബ് ഡ്വാലിഷ്‌വിലിയും ഉസ്മാൻ നൂർമഗോമെഡോവും തമ്മില്‍ ഹോട്ടലില്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് അബുദാബിയില്‍ അറസ്റ്റ് നടപടികള്‍ ഉണ്ടായത്. എന്നാല്‍ ഹോട്ടലിലുണ്ടായ ഈ സംഘർഷത്തിന് യു.എഫ്.സി താരങ്ങളുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് അബുദാബി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അബൂദബിയിലെ ഹോട്ടലില്‍ സംഘര്‍ഷം; കേസില്‍ കടുത്ത നിയമനടപടികളുമായി ക്രിമിനല്‍ കോടതി
