സെഷൻസ് കോടതികളിലെ പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിനെ തിരുത്തി ഹൈക്കോടതി

കൊച്ചി: സെഷൻസ് കോടതികളിലെ പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനത്തിൽ സർക്കാരിനെ തിരുത്തി ഹൈക്കോടതി. നിയമനത്തിൽ ജില്ലാ ജഡ്ജിയുടെ വാക്കുകൾക്ക് പ്രാമുഖ്യം നൽകണമെന്ന് നിർദ്ദേശിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്. ഇതോടെ സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയ താൽപര്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയിരുന്ന നിയമനങ്ങൾ ഇനി മുതൽ നിയമനം മെറിറ്റ് അടിസ്ഥാനത്തിലാകും. പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം യുഡിഎഫ് സർക്കാർ നടത്താനിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി.സെഷൻസ് കോടതികളിലെ പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനത്തിലാണ് സർക്കാരിന്റെ കരട് നിർദ്ദേശത്തിൽ ഹൈക്കോടതി തിരുത്ത് വരുത്തിയത്. ജില്ലാ കളക്ടറുടെ നിർദ്ദേശം അനുസരിച്ച് നിയമനം സാധ്യമാക്കുന്നത് ആയിരുന്നു സർക്കാരിന്റെ കരട് സർക്കുലർ. ജില്ലാ ജഡ്ജിമാരുടെ അഭിപ്രായത്തിന് അർഹമായ പരിഗണന നൽകണമെന്നും ആയിരുന്നു കരട് സർക്കുലറിലെ നിർദ്ദേശം. സർക്കുലറിലെ മൂന്നാം വകുപ്പിലെ അർഹമായ പരിഗണന എന്ന വാക്ക് തിരുത്തി അർഹമായ പ്രാമുഖ്യം എന്നാക്കി ഡിവിഷൻ ബെഞ്ച് മാറ്റി. അമികസ് ക്യൂറി പി ദീപകിന്റെ അഭിപ്രായം ശരിവെച്ചാണ് ഹൈക്കോടതിയുടെ ഭേദഗതി.ഭേദഗതി നിർദ്ദേശം അനുസരിച്ച് പ്രൊസിക്യൂട്ടർ നിയമനത്തിൽ ഇനിമേൽ ജില്ലാ കളക്ടർമാരുടെയും സർക്കാരിന്റെയും താൽപര്യം അതേപടി നടപ്പാവില്ല. പബ്ലിക് പ്രൊസിക്യൂട്ടർ ഉദ്യോഗാർത്ഥികളുടെ പശ്ചാത്തലം പരിഗണിക്കുക മാത്രമാകും ജില്ലാ കളക്ടറുടെ ചുമതല. ജില്ലാ പൊലീസ് മേധാവിമാർ പശ്ചാത്തലം പരിശോധിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകണം. നിയമന പ്രക്രിയയിൽ ജില്ലാ പൊലീസ് മേധാവിമാരെ കൂടി ഉൾപ്പെടുത്താമെന്ന സർക്കാർ നിർദ്ദേശവും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളി. ഹർജിക്കാരന്റെ അഭിഭാഷകനായ എസ്‌കെ ആദിത്യന്റെ എതിർപ്പ് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി. പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനത്തിൽ സർക്കാരിന് ഇനിമേൽ സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല.

Leave a Reply

Your email address will not be published. Required fields are marked *