സംരക്ഷണ വാഗ്ദാനം തെറ്റിച്ചാല്‍ മക്കള്‍ക്ക് നല്‍കിയ സ്വത്ത് തിരികെ ആവശ്യപ്പെടാം: ബോംബെ ഹൈക്കോടതി

മുംബൈ: വാര്‍ധക്യത്തില്‍ മക്കള്‍ സംരക്ഷിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കള്‍ കൈമാറിയ സ്വത്ത്, ആ വാഗ്ദാനം പാലിക്കപ്പെടാത്ത പക്ഷം തിരികെ ആവശ്യപ്പെടാനാകുമെന്ന് ബോംബെ ഹൈക്കോടതി. മാതാപിതാക്കള്‍ സാമ്പത്തികമായി സുരക്ഷിതരാണെങ്കില്‍ പോലും ഈ നിയമം ബാധകമാണെന്ന് കോടതി അറിയിച്ചു.2023ല്‍ ജ്വല്ലറി വ്യാപാരിയായ പിതാവ് താനും ഭാര്യയും താമസിച്ചിരുന്ന ഫ്‌ലാറ്റ്, വാര്‍ധക്യത്തില്‍ തങ്ങളെ സംരക്ഷിക്കുമെന്ന പ്രതീക്ഷയില്‍ മകന് കൈമാറിയിരുന്നു. എന്നാല്‍ പിന്നീട് മാതാപിതാക്കളും മകനും തമ്മിലുള്ള ബന്ധം വഷളാവുകയും 2025ഓടെ വൃദ്ധദമ്പതികള്‍ വീടുവിട്ട് പുറത്താകേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് മാതാപിതാക്കള്‍ സീനിയര്‍ സിറ്റിസണ്‍സ് ആക്ട് പ്രകാരം ട്രൈബ്യൂണലിനെ സമീപിച്ചു. കേസ് പരിഗണിച്ച ട്രൈബ്യൂണല്‍ 60 ദിവസത്തിനകം മകനും കുടുംബവും ഫ്‌ലാറ്റ് ഒഴിയണമെന്ന് ഉത്തരവിട്ടു. ഇതിനെതിരേ മാതാപിതാക്കള്‍ സാമ്പത്തികമായി ഭദ്രരാണെന്ന വാദവുമായി മകന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ കോടതി തള്ളി.മാതാപിതാക്കളുടെ സാമ്പത്തിക ശേഷിയല്ല, മറിച്ച് വാര്‍ധക്യത്തില്‍ സംരക്ഷണം ഉറപ്പുനല്‍കിയ മക്കളുടെ വാഗ്ദാനവും തുടര്‍ന്ന് അവര്‍ സ്വീകരിച്ച സമീപനവുമാണ് ഇത്തരം കേസുകളില്‍ നിര്‍ണായകമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാതാപിതാക്കളുടെ സംരക്ഷണവും ക്ഷേമവുമാണ് നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *