മേയര്‍ ‘ശല്യക്കാരനെ’ന്ന് പരാതി എട്ട് മാസം തടവും പിഴയും വിധിച്ച്‌ കോടതി; ദമ്പതികളുടെ പരാതിയിലാണ് മുൻ ഫ്രഞ്ച് മേയര്‍ക്കെതിരെ നടപടി

ഉപഭോക്താക്കള്‍ക്ക് ബ്രെഡ് മുറിച്ചുനല്‍കാൻ വിസമ്മതിച്ച ബേക്കറിക്കാരെ നിരന്തരം ശല്യം ചെയ്ത കേസില്‍ ഫ്രാൻസിലെ മുൻ മേയർക്ക് എട്ടുമാസം തടവുശിക്ഷ.ശിക്ഷ സസ്‌പെൻഡഡ് ആയതിനാല്‍ ജയിലില്‍ കഴിയേണ്ടതില്ല. 67 -കാരനായ പിയറി തോമസിനെയാണ് റെന്നിലെ ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. 5,000 യൂറോ (ഏതാണ്ട് 5 ലക്ഷം ഇന്ത്യൻ രൂപ) പിഴയ്ക്ക് പുറമേ ബേക്കറി നടത്തിയിരുന്ന ദമ്പതികള്‍ക്ക് 11,200 യൂറോ (ഏതാണ്ട് 11 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാനും പിയറി തോമസ്, മൂന്ന് വർഷത്തേക്ക് ദമ്പതികളുമായി ബന്ധപ്പെടരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഫ്രാൻസിലെ സെന്‍റ്-ഔവൻ-ദെസ്-അല്ലൂക്ല് ഗ്രാമത്തില്‍ 2022 അവസാനത്തോടെ ബേക്കറി ഏറ്റെടുത്ത ഹെൻറി വിർമൂണൈക്സും ലോറൻ പിക്കോവ്സ്കി-ദെലാരുവുമാണ് പരാതിക്കാരായ ദമ്പതികള്‍. ബ്രെഡ് മുറിച്ചുനല്‍കാത്തതും പരമ്പരാഗത പേസ്ട്രികള്‍ വില്‍ക്കാത്തതും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും അവതരണവും കടയുടെ പ്രവർത്തനരീതിയുമെല്ലാം ചൂണ്ടിക്കാട്ടി തോമസ് ഇടപെട്ടെന്നാണ് ആരോപണം. മാർക്കറ്റുകളില്‍ വില്‍പ്പന നടത്തുന്നതിനായി ആഴ്ചയില്‍ മൂന്നു ദിവസം കട അടച്ചിടുന്നതിനെയും അദ്ദേഹം എതിർത്തു. മേയറുടെ നിരന്തരമായ ഇടപെടലുകള്‍ തങ്ങളെ മാനസികമായി തളർത്തിയെന്നും ദമ്പതികള്‍ കോടതിയില്‍ ആരോപിച്ചു. ഇതനിടെ മറ്റു വ്യാപാരികളും മേയർക്കെതിരെ പരാതിപ്പെട്ടിരുന്നു. ചിലർ അദ്ദേഹത്തെ ‘രാജാവ്’ എന്നായിരുന്നു വിശേഷിപ്പിച്ചത്.

മേയറുടെ നിരന്തര ശല്യത്തെ തുടർന്ന് 2023 ജൂലൈയില്‍, തുറന്ന് രണ്ടുമാസത്തിനുള്ളില്‍ ദമ്പതികള്‍ ബേക്കറി അടച്ചുപൂട്ടി. അതേ വർഷം ഒക്ടോബറില്‍ തോമസും മൂന്ന് പ്രാദേശിക ഉദ്യോഗസ്ഥരും ഡ്രില്ലുമായെത്തി കടയുടെ പൂട്ട് തകർക്കാൻ ശ്രമിച്ചതായും ദമ്പതികള്‍ കോടതിയില്‍ പരാതിപ്പെട്ടു. കട കൗണ്‍സിലിന്‍റെ ഉടമസ്ഥതയിലാണെന്നായിരുന്നു അവരുടെ വാദം. ദമ്പതികളില്‍ ഒരാള്‍ക്ക് 40 ദിവസവും മറ്റൊരാള്‍ക്ക് 25 ദിവസവും ജോലിക്ക് പോകാനാകാത്തവിധം ആരോഗ്യപ്രശ്നങ്ങളുണ്ടായതായി മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കിയെന്നും റിപ്പോർട്ടുണ്ട്.

എന്നാല്‍, പീഡനാരോപണങ്ങള്‍ തോമസ് നിഷേധിച്ചു. താൻ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഇടപെട്ടതെന്നും എന്നാല്‍, വ്യാപാരികള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നുമാണ് അദ്ദേഹത്തിന്‍റെ വാദം. മാർച്ചില്‍ മേയർ പദവി ഒഴിഞ്ഞ അദ്ദേഹം വീണ്ടും മേയർ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *