പത്താംക്ലാസുകാരിയെ സ്കൂളിലെത്തി ആക്രമിച്ച 21കാരന്റെ മുറിച്ചുമാറ്റിയ കാല്‍ സൂക്ഷിക്കണം; ഹൈക്കോടതി

യന്ത്രവാളുമായി സ്കൂളിലെത്തി പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ക്രൂരമായി ആക്രമിച്ച പ്രതിയുടെ മുറിച്ചുമാറ്റിയ കാല്‍ സൂക്ഷിച്ചുവയ്ക്കണമെന്ന് ആന്ധ്രപ്രദേശ് ഹൈക്കോടതി. അനന്ത്പൂര്‍ സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. 21കാരനായ ഹേമന്ത് ആണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഒക്ടോബര്‍ 31നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ ആക്രമിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇയാളെ പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ഹേമന്തുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഇയാളുടെ കാലില്‍ വെടിയേല്‍ക്കുന്നത്. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു പോകാന്‍ പ്രതി ശ്രമിച്ചതായും പൊലീസിനുനേരെ കല്ലുകൊണ്ട് ആക്രമണം നടത്താന്‍ ശ്രമിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. സ്വയരക്ഷാര്‍ത്ഥമാണ് പ്രതിയുടെ കാലില്‍ വെടിവച്ചതെന്നും പൊലീസ് അവകാശപ്പെട്ടു.  എന്നാല്‍ പൊലീസിന്റെ നടപടിയില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള അഭിഭാഷകന്റെ ഹര്‍ജി പരിഗണിക്കവേയാണ് മുറിച്ചുമാറ്റിയ കാല്‍ സംരക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. 

ഹേമന്തിന്റെ വെടിയേറ്റ കാലില്‍ ചികിത്സ നടത്തുന്നതിനിടെ അണുബാധയുണ്ടാവുകയും തുടര്‍ന്ന് മുറിച്ചുമാറ്റുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ലിസ ഗില്ലും ജസ്റ്റിസ് ചല്ല ഗുണരാജനും ഉള്‍പ്പെട്ട ബെഞ്ചാണ് ഹേമന്ദിന്റെ മുറിച്ചുമാറ്റിയ കാല്‍ സൂക്ഷിക്കണമെന്ന നിര്‍ദേശം നല്‍കിയത്. ആശുപത്രി സൂപ്രണ്ട് ഡോ.ഡി മല്ലേശ്വരിയോടും പൊലീസിനോടും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു. ഒക്ടോബര്‍ 31ന് രപ്തഡു ജില്ലാ പരിഷദ് ഹൈസ്കൂളിൽവച്ചാണ് പെണ്‍കുട്ടി ക്രൂരമായ ആക്രമണത്തിനു ഇരയായത്. രാവിലെ പത്തരയോടെ അധ്യാപകന്‍ ക്ലാസെടുക്കുന്നതിനിടെയാണ് ഹേമന്ത് ക്ലാസ് മുറിയിലേക്ക് കടന്നുവന്നത്.  സ്കൂളില്‍ നിര്‍മാണ ജോലികള്‍ നടന്നിരുന്നതിനാല്‍ തൊഴിലാളിയാണെന്ന് കരുതി ഇയാളെ ആരും തട‍‍ഞ്ഞില്ല. ആക്രമണത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച സഹപാഠിക്കും പരുക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ഥിനിയുടെ അകന്ന ബന്ധുവാണ് ആക്രമണം നടത്തിയ ഹേമന്ത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിലുള്ള വൈരാഗ്യത്താലാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍

Leave a Reply

Your email address will not be published. Required fields are marked *