കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് നിഷേധിച്ചെന്നും അതിനാൽ പോസ്റ്റൽ വോട്ട് അനുവദിക്കണമെന്നുമുള്ള സർക്കാർ ജീവനക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. വോട്ടെണ്ണലിന് തൊട്ടുമുൻപായി ഇനി വോട്ട് ചെയ്യാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി, വോട്ടവകാശം നിഷേധിച്ചെന്ന് പരാതിയുള്ളവർക്ക് തിരഞ്ഞെടുപ്പ് ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.നിയമസഭ തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിയുണ്ടായിരുന്ന 20,000-ഓളം പേർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എൻജിഒ യൂണിയൻ ഉൾപ്പെടെയുള്ളവർ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. വോട്ടെണ്ണൽ ദിവസം രാവിലെ വരെ പോസ്റ്റൽ വോട്ട് ചെയ്യാനും അത് വരണാധികാരിയെ ഏൽപ്പിക്കാനും അവകാശമുണ്ടെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെ എതിർത്തു.പോസ്റ്റൽ വോട്ടിന് പ്രത്യേക സംവിധാനം ഒരുക്കിയിരുന്നതായും ആ സംവിധാനത്തിലൂടെ മാത്രമേ വോട്ട് ചെയ്യാനാവുകയുള്ളൂ എന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ പറഞ്ഞത്. വോട്ട് എണ്ണുന്നത് വരെ വോട്ട് ചെയ്യാൻ സർവീസ് വോട്ടർമാർക്കേ അവകാശമുള്ളൂവെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങൾ അംഗീകരിച്ചാണ് ഇനി പോസ്റ്റൽ വോട്ട് ചെയ്യാനാകില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഇനി പോസ്റ്റൽ വോട്ടില്ല; സർക്കാർ ജീവനക്കാരുടെ ആവശ്യം തള്ളി ഹൈക്കോടതി
